വാഷിംഗ്ടൺ ഡിസി: യുഎസ് ജനപ്രതിനിധിസഭാ സ്പീക്കറെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കെവിൻ മക്കാർത്തിയുടെ പരാജയം തുടരുന്നു. വ്യാഴാഴ്ച അഞ്ചുതവണകൂടി വോട്ടെടുപ്പു നടന്നുവെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിയിലെ 20 വിമതർ അദ്ദേഹത്തിനെതിരായി പിന്നെയും വോട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ പതിനൊന്നുവട്ട വോട്ടെടുപ്പിലാണ് മക്കാർത്തി തോറ്റിരിക്കുന്നത്.
നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ 435 അംഗ സഭയിൽ 222 സീറ്റുകളുമായി റിപ്പബ്ലിക്കന്മാർക്കു ഭൂരിപക്ഷമുണ്ട്. പക്ഷേ, തീവ്രനിലപാടുകൾ പുലർത്തുന്ന റിപ്പബ്ലിക്കൻ വിമതർ മക്കാർത്തിയെ സ്പീക്കറാകാൻ സമ്മതിക്കില്ലെന്ന വാശിയിലാണ്. വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം മക്കാർത്തി ഊർജിതമാക്കിയിട്ടുണ്ട്. സ്പീക്കറുടെ അധികാരങ്ങൾ പരിമിതപ്പെടുത്താമെന്നും നിയമനിർമാണത്തിൽ സഭാംഗങ്ങൾക്ക് കൂടുതൽ സ്വാധീനം നല്കാമെന്നും വാഗ്ദാനം ചെയ്യുന്ന ഡീൽ അദ്ദേഹം മുന്നോട്ടുവച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.
സ്പീക്കറെ തെരഞ്ഞെടുത്താൽ മാത്രമേ പുതിയ അംഗങ്ങൾക്കു സത്യപ്രതിജ്ഞ ചെയ്തു നിയമനിർമാണ പ്രവർത്തനങ്ങളിലേക്കു കടക്കാൻ കഴിയൂ.