പത്തനംതിട്ട: തന്റെ രാഷ്ട്രീയ ജീവിതം ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ആളാണ് പി.ജെ. കുര്യൻ എന്ന് മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ. മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് ഏറ്റവും നന്നായി കൊണ്ടുപോയ ഒരാളാണ് താൻ. ഒന്നുമല്ലാതിരുന്ന ബാങ്കിനെ ഇന്നത്തെ നിലയിലാക്കിയതിൽ തനിക്കും പങ്കുണ്ട്. എന്നിട്ടും തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് തന്നെ പാർട്ടി പുറത്താക്കിയത്. തന്നെ മാത്രം ലക്ഷ്യം വെച്ച് നടത്തിയ ഇരട്ടത്താപ്പായിരുന്നു പുറത്താക്കൻ എന്നും സജി ചാക്കോ പറഞ്ഞു.
ബാബു ജോർജിനെ പോലൊരു സീനിയർ നേതാവിനെ പുറത്താക്കിയത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അദ്ദേഹം എടുത്ത നിലപാടിൻ്റെ പേരിൽ പുറത്താക്കിയത് അംഗീകരിക്കാനാകില്ല. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ പുറത്താക്കിയവരെ തിരിച്ചെടുക്കണം എന്നു മാത്രമാണ് ആവശ്യപ്പെട്ടത്. അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ പരിഹസിച്ച് പുറത്താക്കിയത് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക. ഇത് പാർട്ടി പുനപരിശോധിക്കണം. നിരവധി പ്രവർത്തകരെ ഇത് നിരാശരാക്കിയിട്ടുണ്ട്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലാതെ പാർട്ടിയിൽ നിൽക്കുന്ന ചിലരാണ് ഇതിനു പിന്നിൽ എന്നും സജി ചാക്കോ ആരോപിച്ചു.