ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരായി ഇന്ധനം വാങ്ങി ശേഖരിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ട്രക്ക് ഡ്രൈവര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഇന്ധന വിതരണത്തിന് തടസ്സമുണ്ടാകുമെന്ന പ്രചാരണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.
രാജ്യത്ത് വിവിധയിടങ്ങളില്‍ ഇന്ധന പമ്പുകള്‍ക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. ആവശ്യത്തിനുള്ള ഇന്ധനം സംഭരണശാലകളില്‍ ലഭ്യമാണെന്നും അനാവശ്യമായി ഇന്ധനം വാങ്ങി കരുതിവെക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു



