സ്റ്റോക്കോം : 2026 ലെ സാഹിത്യ നൊബേൽ കനേഡിയൻ എഴുത്തുകാരി ആൻ കഴ്സന്. സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് പുരസ്കാരം. കനേഡിയൻ കവിയും വിവർത്തകയുമായ ആൻ പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതിൽ പ്രമുഖയാണ്. കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യത്തിന്റെ അതിർവരമ്പുകളെ അതിലംഘിക്കുന്നതാണ് അവരുടെ രചനകൾ.
1950 ജൂൺ 21 ന് കാനഡയിലെ ടൊറന്റോയിലാണ് ആൻ ജനിച്ചത്. ഒരു ബാങ്കറായ റോബർട്ട് കാഴ്സനായിരുന്നു പിതാവ്. അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് പല നഗരങ്ങളിലായിരുന്നു ആനിന്റെ കുട്ടിക്കാലം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലാറ്റിൻ പഠിപ്പിച്ചിരുന്ന അധ്യാപകനാണ് ആനിൽ ഗ്രീക്ക് സാഹിത്യത്തോടുള്ള താൽപര്യം വളർത്തിയത്. അദ്ദേഹം ആനിനെ ഗ്രീക്ക് ഭാഷയും സാഹിത്യവലും പഠിപ്പിക്കുകയും ചെയ്തു. അതാണ് പിൽക്കാലത്ത് അവരുടെ എഴുത്തിനെ സ്വാധീനിച്ചത്. ഹൈസ്കൂളിനു ശേഷം ടൊറന്റോ സർവകലാശാലയിലെ സെന്റ് മൈക്കിൾസ് കോളജിൽ വിദ്യാർഥിയായെങ്കിലും പാഠ്യപദ്ധതിയോടുള്ള താൽപര്യക്കുറവു കാരണം രണ്ടുവട്ടം കോഴ്സ് അവസാനിപ്പിക്കുകയും പിന്നീടു തുടരുകയും ചെയ്തു. ഇടവേളക്കാലത്ത് ആൻ ഗ്രാഫിക് ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനം തുടർന്ന ശേഷം 1974 ൽ ബിരുദവും 1975 ൽ ബിരുദാനന്തര ബിരുദവും 1981 ൽ പിഎച്ച്ഡിയും നേടി. സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിൽ ഗ്രീക്ക് വിമർശനപദ്ധതിയെയും കവിതയെപ്പറ്റിയുള്ള കോഴ്സും ചെയ്തു.
1986 ൽ പ്രസിദ്ധീകരിച്ച ഇറോസ് ദ് ബിറ്റർസ്വീറ്റ് ആണ് ആനിന്റെ ആദ്യകാലത്തെ പ്രധാന കൃതി. പുരാതന ഗ്രീക്ക് തത്വചിന്തയെ ആധുനികതയുമായി ഇഴചേർത്ത ഈ കൃതി അക്കാദമിക് പഠനവും സാഹിത്യരചനയും ഒരുമിച്ചുചേർക്കുന്ന കാഴ്സൻ രചനാശൈലിക്ക് തുടക്കമിട്ടു.1987ൽ പ്രസിദ്ധീകരിച്ച ഗ്ലാസ്, ഐറണി ആൻഡ് ഗോഡ് അടക്കമുള്ള കൃതികളിലൂടെ കവി എന്ന നിലയിൽ ആൻ സ്വയം അടയാളപ്പെടുത്തി. താരതമ്യ സാഹിത്യത്തിലും നരവംശസാസ്ത്രത്തിലും ചരിത്രത്തിലുമുള്ള താൽപര്യങ്ങളെ ഇണക്കിച്ചേർത്താണ് ആൻ എഴുതിയത്.
Leave a Comment
Your comment will be visible after admin approval.