വാഷിങ്ടണ്‍ ഡി.സി: 2026-ലെ നൊബേല്‍ സമാധാന പുരസ്‌കാരത്തിനായുള്ള ശക്തമായ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നും വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് തനിക്ക് പുരസ്‌കാരം ലഭിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. വൈറ്റ് ഹൗസ് ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. ലോകചരിത്രത്തില്‍ നൊബേല്‍ സമാധാന പുരസ്‌കാരത്തിന് എന്നെക്കാള്‍ അര്‍ഹനായ മറ്റൊരാളില്ല. നൊബേല്‍ കമ്മിറ്റി എന്നെ പരിഗണിച്ചില്ലെങ്കില്‍ അത് കമ്മിറ്റിക്കാണ് വലിയ തിരിച്ചടിയാകുക,’ എന്ന് ട്രംപ് പറഞ്ഞു. ഇസ്രയേല്‍-ഹമാസ്, ഇസ്രയേല്‍-ഇറാന്‍, ഇന്ത്യ-പാക്കിസ്ഥാന്‍, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ, റുവാണ്ട-കോംഗോ, അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്ലന്‍ഡ് എന്നിവടങ്ങളിലെ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമാണ് തന്റെ ഇടപെടലിലൂടെ പരിഹരിച്ചതായി ട്രംപ് അവകാശപ്പെടുന്നത്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 2009-ല്‍ നൊബേല്‍ ലഭിച്ചതിനെയും ട്രംപ് വിമര്‍ശിച്ചു. പുരസ്‌കാരം ലഭിച്ചതിന്റെ കാരണം ഒബാമയ്ക്ക് പോലും അറിയില്ലായിരുന്നുവെന്നും എന്നാല്‍ തന്നെക്കാള്‍ യോഗ്യന്‍ വേറെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025-ലെ നൊബേല്‍ സമാധാന പുരസ്‌കാര ജേതാവായ മരിയ കൊറീന മച്ചാഡോ തന്റെ മെഡല്‍ ട്രംപിന് കൈമാറിയ സംഭവവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഒക്ടോബര്‍ ഒന്‍പതിനാണ് 2026-ലെ നൊബേല്‍ സമാധാന പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.