അബൂദബി: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായതോടെ മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ശക്തമാകുന്നതിനിടെ, ഏത് സാഹചര്യത്തെയും നേരിടാൻ യു.എ.ഇ കൂടുതൽ സജ്ജമാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ. ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നിവക്കായുള്ള സമിതിയുടെ ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച സമയത്തേക്കാൾ ഇപ്പോൾ യു.എ.ഇയുടെ പ്രതിരോധസന്നദ്ധത ഉയർന്നിട്ടുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. യുദ്ധം വീണ്ടും ആരംഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയും സമാധാനശ്രമങ്ങളും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. വെടിനിർത്തലിനും അന്തിമ സമാധാന കരാറിലേക്കുള്ള നീക്കങ്ങൾക്കും വഴിയൊരുക്കാൻ ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും, പിന്നീട് വീണ്ടും ആക്രമണങ്ങൾ ഉണ്ടായതോടെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.
ഹുർമുസ് കടലിടുക്കിലെ കപ്പലുകൾക്കുനേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളും അതിന് പിന്നാലെ അമേരിക്ക നടത്തിയ തിരിച്ചടികളും സംഘർഷം വീണ്ടും ശക്തമാകാനുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
യുദ്ധത്തിന്റെ ഘട്ടത്തിൽ ഇറാൻ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കുനേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു.
Leave a Comment
Your comment will be visible after admin approval.