ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും തലപ്പത്തേക്ക് പാകിസ്താൻ; അടുത്ത വര്‍ഷം ചുമതലയേൽക്കും

Global Indian Writer · October 16, 2026 · 1 min read · 0 Comments · 0 Shares

ബാങ്കോക്ക്: അന്താരാഷ്ട്ര നാണയനിധിയുടെയും (IMF) ലോകബാങ്ക് ഗ്രൂപ്പിന്റെയും (World Bank Group) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ അധ്യക്ഷസ്ഥാനം 2027ൽ പാകിസ്താൻ ഏറ്റെടുക്കും. 1953നുശേഷം ആദ്യമായാണ് പാകിസ്താന് ഈ പദവി ലഭിക്കുന്നതെന്ന് രാജ്യത്തെ സാമ്പത്തിക കാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

2026ലെ ലോകബാങ്ക് ഗ്രൂപ്പ്-ഐ.എം.എഫ് വാർഷിക യോഗങ്ങളുടെ ഭാഗമായി ബാങ്കോക്കിൽ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ലോകബാങ്കിലെ പാകിസ്താന്റെ ഗവർണർ കൂടിയായ സാമ്പത്തിക കാര്യ മന്ത്രി അഹദ് ഖാൻ ചീമയെ പുതിയ അധ്യക്ഷനായി ഔദ്യോഗികമായി നിയോഗിച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഈ നിയമനത്തെ ചരിത്രപരമായ നേട്ടമെന്നാണ് പാകിസ്താൻ സാമ്പത്തിക കാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ആഗോള സാമ്പത്തിക, വികസന ചർച്ചകളിൽ പങ്കാളിത്തം ശക്തിപ്പെടുത്താനും അംഗരാജ്യങ്ങൾക്കിടയിൽ ക്രിയാത്മകമായ സഹകരണം പ്രോത്സാഹിപ്പിക്കാനും ഈ പദവി പാകിസ്താനെ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒക്ടോബർ 12 മുതൽ 18 വരെ നടക്കുന്ന വാർഷിക യോഗങ്ങളിൽ 191 രാജ്യങ്ങളിൽനിന്നായി 15,000ത്തിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതേസമയം, അന്താരാഷ്ട്ര നാണയനിധിയുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് പാകിസ്താൻ ഇപ്പോഴും മുന്നോട്ടുപോകുന്നത്. 700 കോടി ഡോളറിന്റെ എക്സ്റ്റെൻഡഡ് ഫണ്ട് ഫെസിലിറ്റി (EFF), 140 കോടി ഡോളറിന്റെ റെസിലിയൻസ് ആൻഡ് സസ്റ്റെയിനബിലിറ്റി ഫെസിലിറ്റി (RSF) എന്നിങ്ങനെ രണ്ട് പദ്ധതികളിലൂടെയാണ് ഐ.എം.എഫ് പാകിസ്താന് സഹായം നൽകുന്നത്.

രാജ്യത്തിന്റെ വിദേശനാണയ വിനിമയവുമായി ബന്ധപ്പെട്ട സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനുമാണ് ഇ.എഫ്.എഫ് ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനും പ്രതിരോധശേഷി വർധിപ്പിക്കാനും ദീർഘകാല സാമ്പത്തിക സഹായം നൽകുന്നതാണ്സ ആർ.എസ്.എഫ് പദ്ധതി.

Share this story

Leave a Comment

Your comment will be visible after admin approval.