ബാങ്കോക്കിൽ കേരളത്തിന്റെ മാരിടൈം ആൻഡ് ബ്ലൂ ഇക്കോണമി മാൻ നാണു വിശ്വനാഥന് അന്താരാഷ്ട്ര പുരസ്കാരം

Global Indian Writer · October 26, 2026 · 1 min read · 0 Comments · 0 Shares

ബാങ്കോക്ക്: “കേരളത്തിന്റെ മാരിടൈം ആൻഡ് ബ്ലൂ ഇക്കോണമി മാൻ” എന്നറിയപ്പെടുന്ന പ്രമുഖ അന്താരാഷ്ട്ര സമുദ്രവ്യാപാര വിദഗ്ധനും മാരിടൈം വിദ്യാഭ്യാസ പ്രവർത്തകനുമായ നാണു വിശ്വനാഥന് ഏഷ്യാ പസഫിക് മാരിടൈം എഡ്യൂക്കേഷണൽ അവാർഡ് (Asia Pacific Maritime Educational Award) ലഭിച്ചു.

തായ്‌ലൻഡിലെ ബാങ്കോക്കിൽ രാജ്പത്ത് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അക്കാദമിക സമ്മേളനത്തിലാണ് അദ്ദേഹത്തെ പുരസ്കാരം നൽകി ആദരിച്ചത്.
മൂന്നു പതിറ്റാണ്ടിലേറെയായി മാരിടൈം വ്യവസായം, തുറമുഖ വികസനം, കപ്പൽഗതാഗതം, ലോജിസ്റ്റിക്സ്, കയറ്റുമതി–ഇറക്കുമതി വ്യാപാരം, മാരിടൈം നിയമം, ബ്ലൂ ഇക്കോണമി, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സമുദ്രാധിഷ്ഠിത തൊഴിൽ–സംരംഭകത്വ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി നടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം.
‘ബ്ലൂ ഇക്കോണമി: സുസ്ഥിര വികസനത്തിലേക്കുള്ള അവസരങ്ങളും സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത നാണു വിശ്വനാഥൻ, ഏഷ്യാ പസഫിക് മേഖലയിലെ സമുദ്രവ്യാപാര സാധ്യതകൾ, തുറമുഖാധിഷ്ഠിത സാമ്പത്തിക വികസനം, അന്താരാഷ്ട്ര വ്യാപാരം, തൊഴിലവസരങ്ങൾ, സംരംഭകത്വം, സമുദ്രവിഭവങ്ങളുടെ സുസ്ഥിര വിനിയോഗം എന്നിവയെക്കുറിച്ച് വിശദമായ പ്രഭാഷണം നടത്തി.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർവകലാശാലാ അധ്യാപകർ, ഗവേഷകർ, അന്താരാഷ്ട്ര വിദഗ്ധർ, വിദ്യാഭ്യാസ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
സമുദ്രസമ്പത്ത് കേവലം സാമ്പത്തിക വളർച്ചയ്ക്കുള്ള ഉപാധി മാത്രമല്ലെന്നും, വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി സംരക്ഷണം, സാമൂഹിക പുരോഗതി എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന സുസ്ഥിര വികസനത്തിന്റെ ശക്തമായ അടിത്തറയാണെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ചു.

വേൾഡ് മലയാളി കൗൺസിൽ ബ്ലൂ ഇക്കോണമി, മാരിടൈം ട്രേഡ് ആൻഡ് ലോ ഫോറത്തിന്റെ ഗ്ലോബൽ ചെയർമാനും മാരിടൈം ബിസിനസ് ബുള്ളറ്റിന്റെ സ്ഥാപക ചെയർമാനും ചീഫ് എഡിറ്ററുമാണ് നാണു വിശ്വനാഥൻ.
കേരളത്തിന്റെ സമുദ്രാധിഷ്ഠിത വികസന സാധ്യതകളെ ആഗോള വിദ്യാഭ്യാസ–വ്യവസായ വേദികളുമായി ബന്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾക്ക് ലഭിച്ച മറ്റൊരു സുപ്രധാന അന്താരാഷ്ട്ര അംഗീകാരമായി ഈ പുരസ്കാരം മാറുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.