കണ്ണൂർ : കണ്ണൂർ അയ്യൻകുന്ന് വാളത്തോട് ടൗണിൽ പ്രകടനം നടത്തി മാവോയിസ്റ്റ്. ഒരു വനിത ഉൾപ്പെടെയുളള അഞ്ചംഗ സായുധ സംഘമാണ് നഗരത്തിൽ പ്രകടനം നടത്തിയത്. അര മണിക്കൂറോളം ടൗണിൽ പ്രകടനം നടത്തിയതിന് ശേഷമാണ് ഇവർ മടങ്ങിയത്.
ലോക ബാങ്ക് നിർദേശാനുസരണം റേഷൻ നിർത്തലാക്കുന്ന മോദി – പിണറായി എന്നിവരെ തിരിച്ചറിയുക എന്ന ലഘുലേഖയും ഇവർ സമീപത്ത് വിതരണം ചെയ്തിട്ടുണ്ട്. അതേസമയം, തണ്ടർബോൾട്ട് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുമ്പും ഇവിടെ സായുധ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.
ഇന്ന് വൈകുന്നേരം തോക്കുമേന്തിയാണ് കമ്യൂണിസ്റ്റ് ഭീകരർ പ്രകടനം നടത്തിയത്. കയ്യിലുള്ള ലഘുലേഖകൾ ഇവർ നാട്ടുകാർക്ക് വിതരണം ചെയ്തിരുന്നു. അയ്യൻകുന്ന് വാളത്തോട് ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരമാണ് വനമേഖലയിലേക്കുള്ളത്. ഇവിടെ നിന്നാണ് മാവോയിസ്റ്റുകളെത്തിയത് എന്നാണ് വിലയിരുത്തുന്നത്. നേരത്തേയും അഞ്ചംഗ സംഘം അങ്ങാടിയിൽ പ്രകടനം നടത്തിയിരുന്നു. അതേ സംഘം തന്നെയാണ് ഇന്നെത്തിയതെന്നാണ് പോലീസിന്റെ നിഗമനം.