കംപാല ∙ 15 വർഷത്തിനിടെ 38 പേരെ കൊന്ന് ഭക്ഷിച്ച സീരിയൽ കില്ലർ പിടിയിൽ. മുജുരിസി മോസസ് എന്നറിയപ്പെടുന്ന പ്രതി 2010 നും 2025 നും ഇടയിൽ 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ചെന്നാണ് കേസ്. ഉഗാണ്ടയിലെ മസാക്ക, ഇബാൻഡ, കാസോ ജില്ലകളിലാണ് കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏറെക്കാലമായി തങ്ങൾ അന്വേഷിക്കുന്ന പ്രതിയെ പിടികൂടിയെന്ന് ഉഗാണ്ടയുടെ സുരക്ഷാ സേനയുടെ മേധാവി ജനറൽ മുഹൂസി കൈനെരുഗാബയാണ് അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം എക്സിൽ സൈനിക മേധാവി അറസ്റ്റിനെ സംബന്ധിച്ച വിവരം പങ്കിടുകയായിരുന്നു.
“മുജുരിസി മോസസിനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു എന്ന വിവരം രാജ്യത്തെ പൗരന്മാരെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഉഗാണ്ടയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലറും നരഭോജിയുമായ മുജുരിസി മോസസ് 2010 നും 2025 നും ഇടയിൽ മസാക്ക, ഇബാണ്ട, കാസോ എന്നിവിടങ്ങളിലായി 38 പേരെ കൊലപ്പെടുത്തി ഭക്ഷിച്ചു. ഞങ്ങൾ അദ്ദേഹത്തെ പരസ്യ വിചാരണ ചെയ്യും തീർച്ചയായും വധശിക്ഷയ്ക്ക് വിധേയമാക്കും.” സൈനിക മേധാവി എക്സിൽ കുറിച്ചു.
വീടുകളിൽ അതിക്രമിച്ച് കയറി ഇരകളെ വാൾ ഉപയോഗിച്ച് ആക്രമിക്കുന്നതാണ് മോസസിന്റെ ആക്രമണ രീതി. കുടുംബാംഗങ്ങളെ എല്ലാവരെയും ഇരകളാക്കിയ സംഭവങ്ങളുമുണ്ട്. ചില അവസരങ്ങളിൽ ഇരകളെ വശീകരിച്ച് കൊലപ്പെടുത്തുന്നതും ഇയാളുടെ രീതിയാണ്. മുൻപ് പലപ്പോഴും പ്രതി പിടിയിലായിട്ടുണ്ടെങ്കിലും രക്ഷപ്പെടുകയോ തെളിവുകളുടെ അഭാവത്തിൽ വിട്ടയക്കുകയോ ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.