ന്യൂുഡൽഹി : ഉത്തർപ്രദേശിൽ മോഷണക്കുറ്റം ആരോപിച്ച് പത്തും പതിനഞ്ചും വയസുള്ള ആൺകുട്ടികളെ ക്രൂരമായി മർദ്ദിച്ച് നാട്ടുകാർ. കുട്ടികളെ കെട്ടിയിട്ട് മൂത്രം കുടിപ്പിക്കുകയും മലദ്വാരത്തിൽ മുളക് തേച്ച് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. സിദ്ധാർത്ഥ് നഗർ ജില്ലയിൽ നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
സിദ്ധാർത്ഥ് നഗറിലെ പാത്രബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊങ്കടി ചൗരാഹയ്ക്ക് സമീപമുള്ള ചിക്കൻ സ്റ്റാളിലാണ് നടുക്കുന്ന ക്രൂരത അരങ്ങേറിയത്. കുട്ടികളെക്കൊണ്ട് പച്ചമുളക് തീറ്റിക്കുകയും കുപ്പിയിൽ നിറച്ച മൂത്രം കുടിപ്പിക്കുകയും ചെയ്യുന്നതാണ് ഒരു വീഡിയോയിൽ ഉള്ളത്. കുട്ടികളെ കെട്ടിയിട്ട് മലദ്വാരത്തിൽ മുളക് തേയ്ക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്തുവന്നു. ആഗസ്റ്റ് നാലിന് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്,കോഴിഫാമിൽ നിന്ന് കുട്ടികൾ കോഴി മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘം ഇരുവരെയും കടയിൽ കെട്ടിയിടുകയായിരുന്നു. വീഡിയോ വൈറലായതോടെ ഉത്തർപ്രദേശ് പൊലീസ് എട്ടുപേർക്കെതിരെ കേസെടുത്തു. ഇതിൽ ആറുപേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.