ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്‍ഡ്യ സഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ തുടങ്ങി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് ജനകീയ ഇംപീച്ച്‌മെന്റ് നടക്കുന്നത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഖാര്‍ഗെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിച്ചു. ലോക്‌സഭാ മുന്‍ സ്പീക്കര്‍ മീരാ കുമാര്‍ ജനകീയ കുറ്റവിചാരണയില്‍ അധ്യക്ഷയായി. കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ സഖ്യത്തിലെ മറ്റ് കക്ഷികളുടെയും നേതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനും ഇന്ദിരാ ഗാന്ധിക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസംഗം ആരംഭിച്ചത്. വോട്ട് ചെയ്യുകയെന്നത് ഏറ്റവും വലിയ അധികാരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ത്തിന്റെ വോട്ട് വെട്ടിയാണ് ബിജെപി അധികാരം പിടിക്കുന്നത്. സുതാര്യവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ട്. അധികാരം നിലനിര്‍ത്താന്‍ ബിജെപി ഏതറ്റം വരെയും പോകും. അതിനുള്ള തെളിവാണ് ഗ്യാനേഷ് കുമാറിന്റെ ആജീവനാന്ത പരിരക്ഷ -ഗ്യാനേഷ് കുമാറിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ച് ഖാര്‍ഗെ പറഞ്ഞു.
ജനാധിപത്യം സംരക്ഷിക്കാനാണ് ഈ പ്രതിഷേധം. യഥാര്‍ത്ഥ വോട്ടര്‍മാരെ സംരക്ഷിക്കാനാണ് ഈ പോരാട്ടം. എസ്‌ഐആര്‍ പിന്‍വലിക്കണം. പ്രതിഷേധത്തെ അടിച്ചമര്‍ത്തി അരാജകത്വം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അനധികൃതമായി നീക്കം ചെയ്ത വോട്ട് പുനഃസ്ഥാപിക്കണം. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരിരക്ഷ നല്‍കുന്ന നിയമ ഭേദഗതി പിന്‍വലിക്കണം.
ജനാധിപത്യത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എന്നാല്‍, ബിജെപി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. ഗ്യാനേഷ് കുമാര്‍ കോടിക്കണക്കിന് വോട്ടര്‍മാരുടെ വോട്ട് വെട്ടി. ഗ്യാനേഷ് കുമാര്‍ അമിത് ഷായുടെയും മോദിയുടെയും നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ചു. ഗ്യാനേഷ് കുമര്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി. 13 കോടി വോട്ടര്‍മാരെ നീക്കം ചെയ്തു. ഫോം സിക്‌സില്‍ പാര്‍ലമെന്റിന് അനുമതിയില്ലാതെ മാറ്റം വരുത്തിയെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
Leave a Comment
Your comment will be visible after admin approval.