ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. കഴിഞ്ഞ സീസണിലെ വെള്ളി മെഡൽ ജേതാവായ നീരജ് ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ എറിഞ്ഞാണ് ഫൈനലിൽ കടന്നത്. ഇതോടെ നീരജ് ചോപ്ര പാരീസ് ഒളിമ്പിക്സിനും യോഗ്യത നേടി.
ഹംഗറിലെ ബുഡാപെസ്റ്റിലാണ് ചാമ്പ്യൻഷിപ്പ് പുരോഗമിക്കുന്നത്. 83 മീറ്ററായിരുന്നു ഫൈനലിൽ പ്രവേശിക്കാനുള്ള ദൂരം. ആദ്യ ശ്രമത്തിൽ ഇതുവരെ ആരും ഈ ദൂരം കടന്നിട്ടില്ല. എന്നാൽ 88.77 മീറ്റർ ദൂരത്തേക്കാണ് നീരജ് ആദ്യ ശ്രമത്തിൽ തന്നെ ജാവലിൻ എറിഞ്ഞത്.
നീരജിന് പുറമേ കിഷോർ കുമാർ ജെന, ഡി.പി മനു എന്നിവരും ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം രാത്രി 11.45ന് മത്സരം ആരംഭിക്കും. കഴിഞ്ഞവർഷം യുഎസിൽ നടന്ന ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ഇന്ത്യയുടെ ആദ്യത്തെ വെള്ളി മെഡലായിരുന്നു അത്.