കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ ശൈലിയാണ് മുഖ്യമന്ത്രിക്ക്. ആരും ചോദ്യം ചോദിക്കാന്‍ പാടില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് പത്രസമ്മേളനം നടത്തുന്നില്ലായെന്നും മുരളീധരന് പുതുപ്പള്ളിയില്‍ സംസാരിക്കവെ ചോദിച്ചു.
ദേശീയപാത വികസനം സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എം പിമാര്‍ സഹകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് തെറ്റ്. പക്ഷെ കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. കേരളത്തില്‍ ഏഴര വര്‍ഷമായി നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും മാത്രമാണെന്നും മുരളീധരന് ആരോപിച്ചു.
പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പ്രതികരിച്ചു. താര പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് സംബന്ധിച്ച്, താന്‍ സ്ഥിരം സ്റ്റാര്‍ ആണെന്നായിരുന്നു മുരളീധരന് പറഞ്ഞത്. ആരോടും ഇക്കാര്യത്തില്‍ പരാതി പറഞ്ഞിട്ടില്ല, പറയാനുമില്ല. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന യാതൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.