തിരുവനന്തപുരം: പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പത്മജ വരട്ടെയെന്നും രാഷ്ട്രീയം മാറുന്നത് വ്യക്തിതാല്പര്യമെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിലെ വിവാദ വിഷയങ്ങളില്‍ അഭിപ്രായം പറയാനില്ലെന്നും, വികസനത്തില്‍ ശ്രദ്ധ ഊന്നണമെന്നുള്ളതാണ് തന്റെ അഭിപ്രായമെന്നും തരൂര്‍ പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയം പറയാന്‍ വേറെ ആളുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പത്മജ വേണുഗോപാലിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പുമായി രാജ്മോഹന്‍ ഉണ്ണിത്താനും, ഷാഫി പറമ്പില്‍ എംപിയും സി.ആര് മഹേഷ് എംഎല്‍എയും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ അടുത്ത മാസാരംഭത്തോടെ തീരുമാനം വന്നേക്കും.
ക്ഷമാപണം സ്വീകരിച്ച് പത്മജയെ തിരിച്ചെടുക്കാമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അടക്കമുള്ള ഒരു വിഭാഗം മുതിര്‍ന്ന നേതാക്കളെങ്കില്‍, ബിജെപിയെ തള്ളിപ്പറയാതെ തിരിച്ചെടുക്കരുതെന്ന കടുത്ത എതിര്‍പ്പുമായി മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വെറുമൊരു മാപ്പുകൊണ്ട് മാത്രം പാര്‍ട്ടിക്കേറ്റ മുറിവുണങ്ങില്ലെന്ന നിലപാടിലാണ് മറുവിഭാഗം നേതാക്കള്‍. കെ. കരുണാകരന് ജീവിച്ചിരുന്നെങ്കില്‍ തന്നേക്കാള്‍ മുന്‍പ് ബിജെപിയില്‍ ചേരുമായിരുന്നു എന്ന പത്മജയുടെ മുന്‍ പ്രസ്താവന ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. തുറന്നടിച്ചു.
ബിജെപിയിലേക്ക് പോയ സമയത്ത് നടത്തിയ പ്രസ്താവനകളും, ഇനിയും ബിജെപിയ പരസ്യമായി തള്ളിപ്പറയാൻ തയ്യാറാകാത്തതും ഇവർ ചോദ്യം ചെയ്യുന്നുണ്ട്. ലീഡറുടെ മകൾ എന്ന നിലയിൽ കോൺഗ്രസ് നൽകിയ പരിഗണനയും ബഹുമാനവും മറന്നത് പത്മജയാണെന്നും, അന്ന് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ ശരിയായിരുന്നോയെന്ന് അവർ സ്വയം ആലോചിക്കണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
ബിജെപിയിലേക്ക് പോയതിൽ മുറിവേറ്റ കോൺഗ്രസിനോടും പ്രവർത്തകരോടും പത്മജ ഹൃദയത്തിന്റെ ഭാഷയിൽ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അത് മതിയെന്നുമാണ് സണ്ണി ജോസഫ് അടക്കമുള്ളവരുടെ നിലപാട്. ഡിസംബർ 23ന് കെ കരുണാകരൻറെ 16 ചരമവാർഷികമാണ്. അന്ന് കോൺഗ്രസ് പ്രവർത്തകയായി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചരമ വാർഷിക പരിപാടികളിൽ പങ്കെടുക്കണമെന്നാണ് പത്മജ നേതൃത്വത്തിന് മുന്നിൽ വെച്ച ആവശ്യം. അതേസമയം പുനപ്രവേശനത്തിൽ കേരള നേതൃത്വം തീരുമാനമെടുക്കട്ടെ എന്നതാണ് പാർട്ടി ദേശീയ നേതൃത്വത്തിൻറെ നിലപാട്.
Leave a Comment
Your comment will be visible after admin approval.