ന്യൂഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസ്ലേരിയില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ നടപടിയുമായി ഭക്ഷ്യസുരക്ഷാ നിയന്ത്രണ അതോറിറ്റിയായ എഫ്എസ്എസ്എഐ. കുപ്പിവെള്ള സാമ്പിള്‍ ലബോറട്ടറിയില്‍ പരിശോധിച്ചപ്പോഴാണ് അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ള രാസവസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബിസ്ലേരി ഇന്റര്‍നാഷണലിനെതിരെ നിയമ നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുകയാണ് എഫ്എസ്എസ്എഐ. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ലാബ് പരിശോധനയില്‍ അനുവദനീയമായ പരിധിയേക്കാള്‍ കൂടുതല്‍ ബ്രോമേറ്റാണ് വെള്ളത്തില്‍ കണ്ടെത്തിയത്. കമ്പനിയുടെ അപ്പീലിനെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലം മാറിയില്ല. പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ബ്രോമേറ്റും പോളി ന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും അര്‍ബുദത്തിന് കാരണമാകാന്‍ സാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന പദാര്‍ഥങ്ങളാണ്.
ബിസ്ലേരിക്കു പുറമെ മറ്റ് ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വസന്ത് മസാല പ്രൈവറ്റ് ലിമിറ്റഡ്, ടിറ്റ്-ബിറ്റ് ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, മിമാന്സ ഇന്‍ഡസ്ട്രീസ്, ആശ കണ്‍ഫെക്ഷണറി തുടങ്ങിയവക്കെതിരെയാണ് നടപടി. ഭക്ഷ്യ-പാനീയ നിര്‍മ്മാതാക്കള്‍ നിശ്ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായാണ് നടപടി.
ചോക്ലേറ്റ് മിഠായികളില്‍ ലേബലില്‍ രേഖപ്പെടുത്താത്ത കളറിങ് പദാര്‍ഥങ്ങളും അനുവദനീയമായതില്‍ കൂടുതല്‍ നിറങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ആശ കണ്‍ഫെക്ഷനറിയുടെ ഉല്പന്നങ്ങള് തിരിച്ചുവിളിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരായ പരിശോധനയും നടപടികളും ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.
കൊച്ചി: എറണാകുളം ഉൾപ്പെടെ നാല് ജില്ലകളിൽ നിന്ന് ശേഖരിച്ച കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മനുഷ്യശരീരത്തിന് ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. കാക്കനാട് റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ. എന്നാൽ, ക്രമക്കേട് കണ്ടെത്തിയ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന നിലപാടിലാണ് ലാബ് അധികൃതർ.
2021 ജനുവരി ഒന്നു മുതൽ 2026 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്ന് പരിശോധനയ്ക്കായി എത്തിയ ഭക്ഷ്യപദാർത്ഥങ്ങളിലാണ് രാസവസ്തുക്കൾ സ്ഥിരീകരിച്ചത്. എഥിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈറിഫോസ് തുടങ്ങി മനുഷ്യശരീരത്തിന് ദോഷകരമായ കീടനാശിനികളുടെ അംശമാണ് ഇവയിൽ കണ്ടെത്തിയത്.
തിരിച്ചറിയാൻ സാധിക്കാത്ത വിധം മാസ്ക് ചെയ്താണ് സാമ്പിളുകൾ പരിശോധനയ്ക്ക് എത്തുന്നത് എന്നതിനാൽ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ലാബ് നൽകുന്ന വിശദീകരണം. എന്നാൽ, 2024-ൽ ഇതേ ലാബിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് നാമങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിരുന്നു. മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ പേരുകളായിരുന്നു അന്ന് പുറത്തുവന്ന പട്ടികയിലുണ്ടായിരുന്നത്. മുൻപ് പേരുകൾ പുറത്തുവിട്ട സാഹചര്യത്തിൽ, ഇപ്പോഴത്തെ വിശദീകരണത്തിൽ വ്യക്തത നൽകാൻ ലാബ് അധികൃതർക്ക് സാധിച്ചിട്ടില്ല.
ലാബിലെ പരിശോധനാ നിരക്കുകൾ കുത്തനെ കൂട്ടിയതും പരാതിക്കാരെ അകറ്റുന്നതായി ആക്ഷേപമുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് നേരത്തെ 2,124 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 2024-ലെ നിരക്ക് പരിഷ്കരണത്തോടെ എണ്ണയുടെ പരിശോധനയ്ക്ക് 10,000 രൂപയായും കറി പൗഡറുകളുടെ സാമ്പിളിന് 12,000 രൂപയായും ഫീസ് ഉയർത്തി. ഹാനികരമായ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികളെ സഹായിക്കാനാണ് ഇത്തരം നടപടികളെന്ന ആരോപണവും ശക്തമാണ്.
Leave a Comment
Your comment will be visible after admin approval.