തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോശം ആരോഗ്യസ്ഥിതിയിൽ ആയിരിക്കുമ്പോൾ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നുവെന്ന് കെപിസിസി അംഗം ജെ.എസ് അഖില്‍. ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തണമെന്ന് ഒരിക്കല്‍ പോലും കരുതിയതല്ല. തന്റെ ആഗ്രഹം നടക്കാതെ പോയതില്‍ ഉമ്മന്‍ ചാണ്ടിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്നത്തെ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിട്ടും താന്‍ മാറിനില്‍ക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ല അത്. കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിച്ചപ്പോള്‍ എല്ലാം, ആ സ്ഥാനങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് ബോധപൂര്‍വം ഇല്ലാതാക്കിയെന്നാണ് തോന്നുന്നതെന്നും ജെ.എസ് അഖില്‍ പറഞ്ഞു.
ഇന്ന് കുതികാല് വെട്ടുന്നവര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് എല്ലാ പാര്‍ട്ടിയിലും. ഉമ്മന്‍ ചാണ്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി വന്ന ആളുടെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കുമറിയാമെന്നും അഖില്‍ ചൂണ്ടിക്കാട്ടി.
‘ചില ആളുകള്‍ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ല. ഷാഫി പറമ്പില്‍ ഈ ഗ്രൂപ്പിന്റെ ആളാണോ എന്ന് പറയേണ്ടത് ഞാനല്ല. ഇന്ന് രാവിലെ 11 മണി മുതല്‍ ഞാനും സൈബറാക്രമണം നേരിടുകയാണ്. ഫോണ്‍ വിളിച്ച് തെറികളാണ് പറയുന്നത്. ഇത് ആരുടെ നേതൃത്വത്തില്‍ ആണെങ്കിലും ശരിയായ നടപടിയല്ല,’ അഖില്‍ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.