റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസപകടത്തിൽ മരണസംഖ്യ 13 ആയി. ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി മരിച്ചെന്ന് റാസൽഖൈമ പൊലീസ് അറിയിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കുണ്ട്. 41 പേരാണ് ബസിലുണ്ടായിരുന്നത്. തകരാറായി റോഡരികിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചാണ് അപകടം.
റാസൽഖൈമയിലെ അൽ വതൻ സ്ട്രീറ്റിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായാണ് ആദ്യം പുറത്തുവന്ന വിവരം. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് അപകടവിവരം പുറത്തുവിട്ടിരുന്നത്. ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും അടിയന്തര വൈദ്യസഹായങ്ങളും വേഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയായ ശേഷം വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Leave a Comment
Your comment will be visible after admin approval.