കൊച്ചി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്സില്‍ അറിയിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്.
72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു.ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവര്‍ത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നും അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.