ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എൻ.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സൗജന്യ വൈദ്യുതി നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആപ് നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഈ ആവശ്യം നിറവേറ്റുകയാണെങ്കിൽ കാവി പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.‘ജനതാ കി അദാലത്തിൽ’ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കെജ്‌രിവാൾ, ബി.ജെ.പിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാറുകൾ സംസ്ഥാനത്തുടനീളം പരാജയമാണെന്ന് ആരോപിച്ചു. ഹരിയാനയിൽനിന്നും ജമ്മു കശ്മീരിൽ നിന്നും അവരെ പുറത്താക്കുമെന്നും പറഞ്ഞു. ‘ഡബിൾ എഞ്ചിൻ’ മോഡലിനെ ‘ഇരട്ട കൊള്ളയും ഇരട്ട അഴിമതിയും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘ഫെബ്രുവരിയിൽ നടക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോദിയെ ഞാൻ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താൽ ഞാൻ ബി.ജെ.പിക്ക് വേണ്ടി പ്രചാരണം നടത്തും’ കെജ്‌രിവാൾ ഉറപ്പിച്ചു പറഞ്ഞു.ഹരിയാനയിലും ജമ്മു കശ്മീരിലും ബി.ജെ.പിയുടെ ഇരട്ട എഞ്ചിൻ സർക്കാറുകൾ ഉടൻ തകരുമെന്ന് എക്‌സിറ്റ് പോളുകൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസ് മാർഷലുകളെയും ഡേറ്റാ എൻട്രി ഓപ്പറേറ്റർമാരെയും നീക്കം ചെയ്തതും ഡൽഹിയിലെ ഹോം ഗാർഡുകളുടെ ശമ്പളം നിർത്തിയതും ചൂണ്ടിക്കാട്ടി ബി.ജെ.പി ദരിദ്രജനവിഭാഗത്തിന് എതിരാണെന്ന് കെജ്‌രിവാൾ ആരോപിച്ചു.