ദോഹ : ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷപരിപാടി സംഘടിപ്പിച്ചു. ലുസൈൽ ഫെയർമോണ്ട് ദോഹ ഹോട്ടൽ കത്താറ ഹാളിൽ നടന്ന പരിപാടിയിൽ ഖത്തറി വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ 700 ഓളം വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി ചെയർമാനുമായ സാദ് ബിൻ ഷെരീദ അൽ കാബി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ചീഫ് ഓഫ് പ്രോട്ടോക്കോൾ അംബാസഡർ ഇബ്രാഹിം യൂസിഫ് അബ്ദുല്ല ഫഖ്റോ, ഡിപ്ലോമാറ്റിക് കോർപ്സ് ഡീൻ, ഖത്തറിലെ എറിത്രിയ സ്റ്റേറ്റ് അംബാസഡർ അലി ഇബ്രാഹിം അഹമ്മദ്, ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽ താനി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഖത്തറിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള ചരിത്രപരമായ ബന്ധം വ്യാപാരം, നിക്ഷേപം, ഊർജം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം തുടങ്ങിയ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതായി ഇന്ത്യൻ അംബാസഡർ വിപുൽ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീറിന്റെയും നേതൃത്വത്തിൽ ഈ ബന്ധം ബഹുമുഖമായി വളർന്നു വരികയാണ്.
ഭാവിയിൽ ഇന്ത്യയും ഖത്തറും തമ്മിൽ കൂടുതൽ ശക്തമായ പങ്കാളിത്തം ഉണ്ടാകുമെന്നും അംബാസഡർ പ്രത്യാശ പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പ്രത്യേകിച്ച് വ്യാപാരം, വിനോദസഞ്ചാരം, സാംസ്കാരിക മേഖലകളിൽ ആഴത്തിലുള്ള ഇടപെടലുകൾ സുഗമമാക്കുന്നതിന് ഖത്തറിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭാവനകളെയും അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയിൽ നിന്നുള്ള മണിപ്പൂരി നർത്തകർ, സന്തൂർ, തബല കലാകാരന്മാർ എന്നിവരുൾപ്പെടെയുള്ളവരുടെ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.