ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ്, “Share with Joy, Prayer with Care” എന്ന തീമിനെ ആധാരമാക്കി ജന്മദിനങ്ങളെ കരുണയും സേവനവും നിറഞ്ഞ ദിനങ്ങളാക്കുന്ന ഒരു പുതിയ ചാരിറ്റി പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ പദ്ധതി ഒക്ടോബർ 4 ന് ക്നാനായ റീജിയൺ വികാർ ജനറൽ ഫാ.തോമസ് മുളവനാൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ സിഎംഎൽ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് മുന്നോടിയായി സിഎംഎൽ യൂണിറ്റ് ഡയറക്ടർ ജോജോ അനാലിൽ ഈ പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ഒക്ടോബർ അഞ്ചാം തീയതി ഇടവകയിലെ പ്രധാന വിശുദ്ധ കുർബാനിക്ക് ശേഷം സിഎംഎൽ വൈസ് പ്രസിഡൻറ് Abigail Kandachanparambil ഈ പദ്ധതി ഇടവക സമൂഹത്തിന് പരിചയപ്പെടുത്തി. “നമ്മളെല്ലാവരും നമ്മുടെ ജന്മദിനങ്ങൾ സന്തോഷത്തോടെ വ്യത്യസ്തങ്ങളായ രീതിയിൽ ആഘോഷിക്കുന്നു. പക്ഷേ ഈ ദിനങ്ങൾ ആഘോഷിക്കാൻ സാധിക്കാത്ത ധാരാളം കുട്ടികൾ അനാഥാലയങ്ങളിലും പിന്നോക്ക സ്ഥാപനങ്ങളിലും കഴിയുന്നു.
ഈ വർഷം നമുക്ക് ഒരുമിച്ച് അവരുടെ ജീവിതത്തിലും ജന്മദിനത്തിന്റെ മധുരവും സന്തോഷവും പങ്കിടാം .കരുതലോടെ പ്രാർത്ഥനയിൽ അവരെ നമുക്ക് ചേർത്തുനിർത്താം” .അതാണ് ‘Share with Joy, Prayer with Care’ എന്ന സംരംഭം കൊണ്ട് ഉദ്ദേശിക്കുന്നത് . പദ്ധതിയുടെ ഭാഗമായി, മാസത്തിൽ ഒരു ഞായറാഴ്ച ആ മാസം ജന്മദിനം ആഘോഷിക്കുന്നവർക്കായി കുർബാനക്ക് ശേഷം പ്രത്യേക ആശീർവാദ പ്രാർത്ഥനകൾ നടത്തപ്പെടും. അതോടൊപ്പം, ആ മാസത്തിൽ ജന്മദിനം ആഘോഷിക്കുന്നതിനുള്ള അവസരം ലഭിക്കാത്ത അഗതികളും നിലാരംമ്പ രുമായ എല്ലാ കുട്ടികളെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കും. ഇതുകൂടാതെ, ഓരോ മാസവും ഒരു അനാഥാലയം അല്ലെങ്കിൽ അർഹിക്കുന്ന ഒരു സ്ഥാപനം തിരഞ്ഞെടത്തു ആ സ്ഥാപനത്തിലെ എല്ലാ കുട്ടികൾക്കും ആയി ഗിഫ്റ്റ് ഷെയറിങ് ,ലഘു ഭക്ഷണം , കേക്ക് മുറിക്കൽ എന്നിവ ഉൾപ്പെടുത്തി വിപുലമായ ഒരു ആഘോഷം പ്രസ്തുത സ്ഥാപനങ്ങളിൽ സെൻമേരിസ് മിഷൻ ലീഗ് യൂണിറ്റ് സംഘടിപ്പിക്കും. വർഷാവസാനം പന്ത്രണ്ട് സ്ഥാപനങ്ങളിലായി ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടക്കും — അതിലൂടെ ആയിരക്കണക്കിന് കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ പൂമുട്ടുകൾ വിരിയിക്കുവാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് സെൻമേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ കുഞ്ഞു മിഷനറിമാർ.
2025 – ഒക്ടോബറിൽ തുടങ്ങി അടുത്ത 2026- സെപ്റ്റംബറിൽ അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതി ആയതുകൊണ്ട് തന്നെ ഇടവകയിലെ ആബാലവൃത്തം ജനങ്ങൾക്ക്
ഈ പദ്ധതിയിൽ പങ്കുകാരാകാൻ സാധിക്കും. പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി ദേവാലയ ഹാൾവെയിൽ ഒരു സംഭാവനാ പെട്ടി സ്ഥാപിച്ചിട്ടുണ്ട് . എല്ലാ ഇടവക അംഗങ്ങൾക്കും ,സി.എം.എൽ അംഗങ്ങൾക്കും അവരുടെ ജന്മദിനങ്ങളിൽ ഈ പദ്ധതിയിലേക്ക് സംഭാവന നൽകാം. ഈ പദ്ധതിയിലൂടെ, ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള മനോഹര മാർഗം ഇടവക സമൂഹത്തിന് ലഭിക്കുന്നു. സ്വന്തം ജന്മദിനം ആഘോഷിക്കുമ്പോൾ മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം വിതറുക —
യഥാർത്ഥ ആഘോഷം ലഭിക്കുന്നതിലല്ല, കൊടുക്കുന്നതിലുംസ്നേഹിക്കുന്നതിലുമാണ്. എന്നുള്ള ഒരു മനോഹരമായ സന്ദേശവും ഈ പദ്ധതിയിലൂടെ കുട്ടികളിൽ ഉദ്ബോധിപ്പിക്കുവാൻ സംഘാടകർ ശ്രമിക്കുകയാണ്. ജന്മദിനങ്ങൾ കൂടുതൽ അർത്ഥപൂർണ്ണം ആക്കുന്ന ഇടവകയിലെ മിഷൻലീഗ് കുട്ടികളുടെ ഈ എളിയ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് Mission League Spiritual Director, Anish Maveliputhenpurayil ഇടവക ജനങ്ങളോട് ആഹ്വാനം ചെയ്തു.



