ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വാഹനത്തില്‍ ഘടിപ്പിച്ച ഐഇഡി ഉപയോഗിച്ച് നടന്ന സ്‌ഫോടനം ചാവേറാക്രമണമായിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). സ്‌ഫോടനം നടത്തിയ ഉമര്‍ ഉന്‍ നബി ചാവേറായിരുന്നുവെന്നും എന്‍ഐഎ സ്ഥിരീകരിച്ചു. ഡല്‍ഹി സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സഹായികളിലൊരാളെ അറസ്റ്റ് ചെയ്തതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിക്കാനായി വാഹനം സംഘടിപ്പിക്കാന്‍ ഉമറുമായി ഗൂഢാലോചന നടത്തിയ കേസില്‍ അമീര്‍ റാഷിദ് അലി എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ പാമ്പോര്‍, സംബൂര നിവാസിയാണ് അമീര്‍. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാര്‍ അമീറിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വാഹനം വാങ്ങാന്‍ സഹായിക്കുന്നതിനായി ഇയാള്‍ ഡല്‍ഹിയിലേക്ക് യാത്ര ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
മുഖ്യപ്രതിയായ ഉമര്‍ ഉന്‍ നബിയുമായി കൃത്യമായ ബന്ധം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന നാല് പേരെ എന്‍ഐഎ വിട്ടയച്ചു. ഡോ. റെഹാന്‍, ഡോ. മുഹമ്മദ്, ഡോ. മുസ്താഖീം എന്നീ മൂന്ന് ഡോക്ടര്‍മാരും വളം വ്യാപാരിയായ ദിനേഷ് സിംഗ്ല എന്നിവരെയാണ് വിട്ടയച്ചത്. ഇവര്‍ കൊല്ലപ്പെട്ട ഉമറുമായി പരിചയമുള്ളവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്.
സ്‌ഫോടനം നടത്തി കൊല്ലപ്പെട്ട ഉമര്‍ ഉന്‍ നബി, പുല്‍വാമ സ്വദേശിയും ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്‌സിറ്റിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമാണ്. ഫോറന്‍സിക് പരിശോധനയിലൂടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. ഇയാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും എന്‍ഐഎ പിടിച്ചെടുത്ത് തെളിവുകള്‍ക്കായി പരിശോധിക്കുന്നുണ്ട്.
അതേസമയം, നൂഹിലെ ഹയാത്ത് കോളനിയില്‍ നിന്ന് റിസ്വാന്‍, ഷൊയ്ബ് എന്നീ രണ്ട് പേരെ കേന്ദ്ര ഏജന്‍സികള്‍ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഈ അറസ്റ്റുകള്‍ അല്‍-ഫലാ യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള ഒരു വലിയ ഭീകരവാദ ഫണ്ടിംഗ് ശൃംഖലയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കൊല്ലപ്പെട്ട ഭീകരവാദിയായ ഡോ. ഉമറിന്റെ കൂട്ടാളികളായ ഡോ. മുജാമ്മില്‍, ഡോ. ഷാഹീന്‍ എന്നിവരേ ചുറ്റിപ്പറ്റിയുള്ള സംഘത്തേപ്പറ്റി വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഈ അറസ്റ്റുകള്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
ഡല്‍ഹി, ജമ്മു കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പോലീസുമായി ചേര്‍ന്ന് എന്‍ഐഎ അന്വേഷണം തുടരുകയാണ്. ഇതുവരെ, പരിക്കേറ്റവര്‍ ഉള്‍പ്പെടെ 73 സാക്ഷികളെ ഏജന്‍സി ചോദ്യം ചെയ്തു. ആക്രമണത്തിന് പിന്നിലെ വിശാലമായ ഗൂഢാലോചനയും ഉള്‍പ്പെട്ട മറ്റ് വ്യക്തികളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. നവംബര്‍ 10-ന് നടന്ന സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 30-ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



