Saturday, February 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeKeralaമലയാള നാടക-സീരിയൽ രംഗത്തെ പ്രഗത്ഭ അഭിനേത്രി കലാലയം രാധ അന്തരിച്ചു

മലയാള നാടക-സീരിയൽ രംഗത്തെ പ്രഗത്ഭ അഭിനേത്രി കലാലയം രാധ അന്തരിച്ചു

പി.പി ചെറിയാൻ

നെല്ലിക്കുന്ന് തൃശൂർ: ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു; വിട പറഞ്ഞത് തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിയായ അഭിനേത്രി.

തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. പ്രശസ്ത നാടകപ്രവർത്തകനും നടനുമായിരുന്ന അന്തരിച്ച ജോസ് പായമ്മലിന്റെ പത്നിയാണ്.

മലയാള പ്രൊഫഷണൽ നാടകവേദിയിൽ തന്റേതായ മുദ്ര പതിപ്പിച്ച കലാകാരിയായിരുന്നു രാധ. ജോസ് പായമ്മൽ-രാധ ദമ്പതികൾ നാടകരംഗത്തെ അവിസ്മരണീയമായ കൂട്ടുകെട്ടായിരുന്നു.

പത്താം വയസ്സിൽ ‘കടലിന്റെ കളിപ്പാട്ടങ്ങൾ’ എന്ന നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്.

ഭർത്താവ് ജോസ് പായമ്മലിനോടൊപ്പം ഏകദേശം ആയിരത്തോളം വേദികളിൽ അഭിനയിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയിൽ തുടർച്ചയായി 50 വർഷം നാടകം അവതരിപ്പിച്ച അപൂർവ്വ റെക്കോർഡിന് ഉടമയാണ് ഇവർ.

ജമ്മാപ്യാരി, അച്ചുവേട്ടന്റെ അമ്മ, ഇസബെല്ല തുടങ്ങി നിരവധി സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

നാടകരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി അംഗീകാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്:

കേരള സംഗീത നാടക അക്കാദമി നടത്തിയ സംസ്ഥാനതല നാടക മത്സരങ്ങളിൽ 1964, 1971, 1973, 1974 വർഷങ്ങളിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

2012-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു.
ഇരിങ്ങാലക്കുട സ്വദേശിയായ ഇവർ വി.എസ്. കറുപ്പൻ ആചാരിയുടെയും വി.കെ. ജാനകിയുടെയും മകളാണ്.

മകൻ: ലോണ ബ്രിണ്ണർ (ഡെപ്യൂട്ടി ഡയറക്ടർ, എൽ.എൽ.എച്ച് ആശുപത്രി, അബുദാബി).

മരുമകൾ: സുനിത.

സംസ്കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments