തെഹ്റാൻ: ഇറാൻ-അമേരിക്ക ആണവ ചർച്ചയുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, മേഖലയിൽ സംഘർഷഭീതി സൃഷ്ടിച്ച് അമേരിക്കൻ പടക്കപ്പൽ ഇറാൻ തീരത്തോടടുത്ത്. അമേരിക്കയുടെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും 700കിലോമീറ്റർ അകലെ, ഓമൻ തീരമേഖലയിൽ നങ്കൂരമിട്ടതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ബി.ബി.സി പങ്കുവെച്ചു.
മൂന്ന് മിസൈൽ വേധ കപ്പലുകളുടെ അകമ്പടിയോടെയാണ് എബ്രഹാം ലിങ്കൺ ഇറാൻ തീരത്തു നിന്നും അകലെയല്ലാതെ എത്തിച്ചേർന്നത്. എഫ്.35 ഉൾപ്പെടെ 90 യുദ്ധം വിമാനങ്ങൾ, സൈന്യവും ജീവനക്കാരും ഉൾപ്പെടെ 5683 പേർ എന്നിവരുമായാണ് പടക്കപ്പൽ എത്തിയത്. ജനുവരി അവസാനത്തിൽ പശ്ചിമേഷ്യ ലക്ഷ്യമിട്ട് നീങ്ങിത്തുടങ്ങിയ പടക്കപ്പൽ ആദ്യാമായണ് ഉപഗ്രഹ ദൃശ്യങ്ങളിൽ തെളിയുന്നത്.
അഞ്ചു ദിവസം മുമ്പ് ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസ്.എഫ് ജെറാൾഡ് ആർ ഫോഡും ഇറാൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിട്ടുണ്ട്.



