കണ്ണൂര്‍ : അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപകരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല. മതിയായ തെളിവുകള്‍ ശേഖരിച്ചിട്ട് മതി അറസ്റ്റെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നിലവില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരും ഒളിവില്‍ തുടരുകയാണ്. ഇന്നലെ അന്വേഷണസംഘം തിരുവനന്തപുരം എത്തി
രക്ഷിതാക്കളുടെയും അയല്‍വാസികളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
ദന്തല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും പ്രതികരിക്കാനുള്ള സംവിധാനം ഇല്ലെന്ന് കൊല്ലപ്പെട്ട നിതിന്‍ രാജിന്റെ അച്ഛന് രാജന് ഇന്നലെ പറഞ്ഞിരുന്നു. പലരും പരാതി പറയാത്തത് പേടിച്ചിട്ടാണ്. മകന്റെ മരണത്തോടെയാണ് കാര്യങ്ങള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികള്‍ ആദ്യമേ പ്രതികരിക്കേണ്ടത് ആയിരുന്നു അങ്ങനെയെങ്കില്‍ മകന്റെ ജീവന് നഷ്ടപ്പെടില്ലായിരുന്നു. ഇനിയും വിദ്യാര്‍ഥികള്‍ പുറത്തു വന്ന് കാര്യങ്ങള്‍ സംസാരിക്കണമെന്നും നേരിട്ട അധിക്ഷേപങ്ങള്‍ തുറന്നുപറയണമെന്നും രാജന് പറഞ്ഞു.
ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിലും രാജന് പ്രതികരിച്ചു. നിതിന്റെ പഠന കാര്യങ്ങള്‍ക്കും വീട്ടിലെ ചിലവുകള്‍ക്കുമായി ആപ്പ് ലോണുകള്‍ എടുത്താണ് അടയ്ക്കുന്നത്. നിതിന്‍ തന്നെയാണ് അതെല്ലാം ചെയ്തുതരാറുള്ളതും. തന്നോട് ചോദിച്ചിട്ടാണ് അതൊക്കെ ചെയ്തിട്ടുള്ളത്. ലോണ്‍ തുക മകന്റെ ആവശ്യങ്ങള്‍ കഴിഞ്ഞശേഷം ബാക്കി തന്റെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ വഴി അയച്ചുതരികയാണ് ചെയ്യാറുള്ളത്. തിരിച്ചടവ് താന്‍ തന്നെയാണ് കൊടുക്കാറുള്ളതും. നിതിന്റെ അമ്മ ഒന്നര മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞപ്പോഴാണ് തിരിച്ചടവ് മുടങ്ങിയിട്ടുള്ളത് രാജന് പറഞ്ഞു.



