ദെഹ്റാദൂൺ(ഉത്തരാഖണ്ഡ്): ഡൽഹിയിൽനിന്ന് ദെഹ്റാദൂണിലേക്ക് ഇനി അതിവേഗയാത്ര. മുൻപ് ആറുമണിക്കൂർ വേണ്ട യാത്ര രണ്ടരമണിക്കൂറായി ചുരുങ്ങും. ദേശീയപാതാ അതോറിറ്റിയുടെ അഭിമാന പദ്ധതികളിലൊന്നായ ഡൽഹി-ദെഹ്റാദൂൺ സാമ്പത്തിക ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.
12,000 കോടി രൂപ ചെലവിലാണ് 213 കിലോമീറ്റർ നീളത്തിൽ ആറുവരി എക്‌സ്പ്രസ് പാത നിർമിച്ചത്. ഡൽഹിയിൽനിന്ന് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. മൂന്ന് റെയിൽവേ മേൽപ്പാലങ്ങളും നാല് പ്രധാന പാലങ്ങളുമുണ്ട്.
വന്യജീവികളുടെ സ്വതന്ത്രസഞ്ചാരത്തിന് ഉത്തർപ്രദേശിലെ സഹാറൻപുരിൽ 12 കിലോമീറ്റർ നീളത്തിൽ വന്യജീവി ഇടനാഴിയുണ്ട്. ഏഷ്യയിലെത്തന്നെ ഏറ്റവുംവലിയ വന്യജീവി ഇടനാഴിയാണിത്. ഇതിനുപുറമേ, എട്ട് പ്രത്യേക വന്യജീവിപാതയും ആനകളുടെ സഞ്ചാരത്തിന് 200 മീറ്റർ വീതിയിൽ രണ്ട് അടിപ്പാതകളും നിർമിച്ചിട്ടുണ്ട്.
ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിന് സമീപത്ത് നിന്നാരംഭിക്കുന്ന പാത ഉത്തർപ്രദേശിലെ ബാഗ്പത്, ബറൗട്ട്, മുസഫർനഗർ, ഷാംലി, സഹാറൻപുർ നഗരങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
രാജ്യത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെയും സാമ്പത്തികകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്നതിലൂടെ മേഖലയിലെ വ്യാപാര-വ്യവസായ വളർച്ചയ്ക്ക് പദ്ധതി കരുത്തുപകരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഉദ്ഘാടനത്തിനുമുന്നോടിയായി വന്യജീവി ഇടനാഴി മോദി സന്ദർശിച്ചു. ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരത്തിന്റെ വളർച്ചയെയും മോദി അഭിനന്ദിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർസിങ് ദാമി എന്നിവർ പങ്കെടുത്തു.



