തിരുവനന്തപുരം: ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട രമേശ് ചെന്നിത്തലയെക്കുറിച്ചുള്ള പരസ്യ ഫീച്ചർ സംബന്ധിച്ച വിവാദത്തിൽ തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി എ. പ്രജിൻ ബാബുവിന് കെപിസിസിയുടെ കാരണംകാണിക്കൽ നോട്ടീസ്. ഫോക്കസ് ഫീച്ചറായി മുഴുവൻ പേജും പരസ്യം നൽകിയത് പാർട്ടി നിർദേശത്തിന് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.
പ്രജിൻ ബാബുവിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്ന് വിലയിരുത്തിയാണ് കെപിസിസി കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് ഇപ്പോൾ വിശദീകരണം ചോദിച്ചിരിക്കുന്നത്. നോട്ടീസിന് വിശദീകരണം നൽകുമെന്ന് പ്രജിൻ ബാബു അറിയിച്ചു.
കഴിഞ്ഞദിവസമാണ് ഇംഗ്ലീഷ് ദിനപത്രത്തിൽ രമേശ് ചെന്നിത്തലയെക്കുറിച്ച് ഫീച്ചർ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്നാൽ, ഇത് പരസ്യമല്ല, ലേഖനമാണെന്നാണ് പ്രജിൻ ബാബു പറയുന്നത്. താൻ ലേഖനങ്ങൾ എഴുതാറുള്ള ആളാണെന്നും അബ്ദുൾ കലാം അടക്കമുള്ള പ്രമുഖരായ പലരെപ്പറ്റിയും ലേഖനം എഴുതിയിട്ടുണ്ടെന്നും പ്രജിൻ ബാബു പറയുന്നു. രമേശ് ചെന്നിത്തലയെക്കുറിച്ച് നേരത്തെയും എഴുതിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വോട്ടെടുപ്പിന് പിന്നാലെ കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള വടംവലിയുടെ ഭാഗമാണ് ഫീച്ചർ പ്രസിദ്ധീകരിക്കപ്പെട്ടതെന്നാണ് കോൺഗ്രസിൽ ഒരുവിഭാഗം ഉയർത്തുന്ന ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ രമേശ് ചെന്നിത്തലയ്ക്കും വിഡി സതീശനും കെസി വേണുഗോപാലിനുംവേണ്ടി നിരന്തരം പോസ്റ്റുകൾ വന്നിരുന്നു. തുടർന്ന് എഐസിസിയുടെ നിർദേശപ്രകാരം പരസ്യപ്രഖ്യാപനങ്ങൾ കെപിസിസി വിലക്കി. ഇതിനുശേഷവും പരസ്യം വന്നതിൽ കോൺഗ്രസ് നേതാക്കൾക്കുള്ളിൽ അതൃപ്തിയുണ്ട്.
സംഭവത്തിൽ രമേശ് ചെന്നിത്തല പ്രജിൻ ബാബുവിനെ അതൃപ്തിയറിയിച്ചതായും വാർത്തയുണ്ടായിരുന്നു. പ്രജിൻബാബുവാണ് ഇത് നൽകിയതെന്ന് പത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫീച്ചർ നൽകിയതിലാണ് ചെന്നിത്തല അതൃപ്തിയറിയിച്ചത്. വിവാദങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിവെക്കുന്ന നടപടിയാണിതെന്ന് ചെന്നിത്തല അറിയിച്ചതായാണ് വിവരം.



