എഐ ഉപയോഗം വർദ്ധിപ്പിച്ച് ജീവനക്കാർ: ആമസോണിന്റെ കമ്പ്യൂട്ടിങ് ചിലവ് വർദ്ധിച്ചു; ശാസനയുമായി കമ്പനി

Global Indian Writer · May 29, 2026 · 1 min read · 0 Comments · 0 Shares

നിർമിതബുദ്ധി (എഐ)യുടെ ഉപയോഗം പ്രവർത്തനച്ചെലവ് വർധിപ്പിക്കുന്നത് വമ്പൻ ടെക് കമ്പനികൾക്കുപോലും തലവേദന സൃഷ്ടിക്കുന്നു. മൈക്രോസോഫ്റ്റും യൂബറും അടക്കമുള്ളവ ഇത്തരത്തിലുള്ള ആശങ്കകൾ നേരത്തെ പങ്കുവെച്ചിരുന്നു. ആമസോണിനുപോലും എഐ ഉപയോഗം തലവേദന സൃഷ്ടിക്കുന്നുവെന്നാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാർത്തകൾ.

ജീവനക്കാരുടെ എഐ ഉപയോഗം ട്രാക്ക് ചെയ്തിരുന്ന ആന്തരിക സംവിധാനമായ ലീഡർബോർഡ് ആമസോൺ നിർത്തലാക്കി എന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ചില ജീവനക്കാർ റാങ്കിങ്ങിൽ മുന്നേറുന്നതിനായി ‘അനാവശ്യ ജോലികൾ’ ചെയ്യാൻ എഐ ഏജന്റുകളെ ഉപയോഗിച്ചതുമൂലം ആമസോണിന്റെ കമ്പ്യൂട്ടിങ് ചിലവ് വർധിപ്പിച്ചതാണ് തീരുമാനത്തിന് പിന്നിൽ എന്നാണ് പുറത്തുവരുന്ന വിവരം. എഐ ഉപയോഗം അടിസ്ഥാനമാക്കി ജീവനക്കാർക്ക് സ്‌കോർ നൽകിയിരുന്ന സംവിധാനം കമ്പനി ഓഫ്‌ലൈൻ ആക്കിയിട്ടുണ്ട്.

ജീവനക്കാരെ പിരിച്ചുവിടുകയും എഐയിൽ വൻ നിക്ഷേപം നടത്തുകയും ചെയ്ത കമ്പനികൾക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് ആമസോൺ അടക്കമുള്ളവയിൽനിന്ന് പുറത്തുവരുന്ന വിവരങ്ങൾ. ഉയർന്ന എഐ ഉപയോഗം ചെലവ് കുതിച്ചുയരുന്നതിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

എഐ ഉപയോഗം വർദ്ധിപ്പിച്ച് ജീവനക്കാർ

ജീവനക്കാർക്കിടയിൽ എഐയുടെ സ്വീകാര്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആമസോൺ ലീഡർബോർഡ് രൂപകൽപ്പന ചെയ്തത്. എന്നാൽ ചില ജീവനക്കാർ എഐ ടോക്കണുകളുടെ ഉപയോഗം വർധിപ്പിച്ചതിനാൽ അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവയ്ക്കുള്ള ചിലവ് വർധിക്കുന്നതായി ആമസോൺ അധികൃതർ കണ്ടെത്തി. ജീവനക്കാർ കൃത്രിമമായി എഐ ടോക്കൺ ഉപയോഗം വർധിപ്പിച്ചതുമൂലം അധിക ചിലവുണ്ടായെന്നാണ് ആമസോണിന്റെ സീനിയർ വൈസ് പ്രസിഡന്റ് വിശദീകരിക്കുന്നത്. എഐ ഉപയോഗിക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ മാത്രം ആരും എഐ ടൂളുകൾ ഉപയോഗിക്കരുതെന്നാണ് നിലവിൽ ആംമസോൺ ജീവനക്കാരോട് നിർദേശിച്ചിട്ടുള്ളത്.

കമ്പനികൾക്ക് ആശങ്ക

എഐയിൽ വലിയ തുക മുടക്കുന്ന ടെക്‌നോളജി കമ്പനികൾക്ക് വെല്ലുവിളിയാണ് നിലവിലെ സാഹചര്യം. ജീവനക്കാർ എഐ ടൂളുകൾ ഉപയോഗിക്കണമെന്ന് കമ്പനികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അമിതമായോ അനാവശ്യമായോ ആയ ഉപയോഗം കമ്പ്യൂട്ടിങ് ചിലവ് വർധിപ്പിക്കുന്നു. ഓരോ ആഴ്ചയും ഡെവലപ്പർമാരുടെ എഐ ഉപയോഗം സംബന്ധിച്ച വ്യവസ്ഥകൾ ആമസോൺ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ചില ജീവനക്കാർ അധിക എഐ ഉപയോഗം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ അതിനിടെ നടത്തി. ഇതാണ് കമ്പനിക്ക് തലവേദനയായത്.

എഐ കമ്പനികൾ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള വിലനിർണ്ണയ രീതികളിലേക്ക് മാറുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ടോക്കൺ ഉപയോഗം പ്രവർത്തന ചെലവ് വർധിപ്പിക്കുന്ന വലിയ ഘടകമായി മാറുന്നു. ഈ വർഷം ഏകദേശം 200 ബില്യൺ ഡോളർ മൂലധന ചിലവായി ആമസോൺ ചിലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇതിൽ ഭൂരിഭാഗവും എഐ, ഡാറ്റാ സെന്റർ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയാണ്.

Share this story

Leave a Comment

Your comment will be visible after admin approval.