ചെന്നൈ: തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ടിവികെ സ്ഥാനാർഥിയായി മത്സരിക്കും എന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ രാഘവ ലോറൻസ്. വാർത്തയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാതെ, ഈ മാസം 11-ന് അമ്മയുടെ അനുഗ്രഹത്തോടെ സുപ്രധാന തീരുമാനം ഉണ്ടാകുമെന്നാണ് രാഘവ ലോറൻസ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിലും ടിവികെ നേതാവുമായ സി. ജോസഫ് വിജയ് മത്സരിച്ച് വിജയിച്ച രണ്ട് സീറ്റുകളിൽ ഒന്നാണ് തിരുച്ചിറപ്പള്ളി ഈസ്റ്റ്. മറ്റൊരു സീറ്റായ പെരമ്പൂർ നിലനിർത്തിക്കൊണ്ട് തിരുച്ചിറപ്പള്ളി ഒഴിയുകയാണ് വിജയ് ചെയ്തത്.
ഈ സീറ്റിൽ രാഘവ ലോറൻസ് മത്സരിക്കുമെന്ന തരത്തിൽ വലിയ പ്രചാരണമാണ് നിലവിൽ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത്. നേരത്തെ നടി തൃഷ ഈ സീറ്റിൽ മത്സരിച്ചേക്കുമെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. തിരുച്ചിറപ്പള്ളിയിലെ വോട്ടർമാർക്ക് നന്ദി പറയാനായി സംഘടിപ്പിച്ച പൊതുയോഗത്തിൽ ‘നിങ്ങളിൽ ഒരാളെ സ്ഥാനാർഥി’ ആക്കും എന്നായിരുന്നു പ്രസംഗിച്ചത്.
അതോടെ അവിടെ തന്നെയുള്ള ആരെയെങ്കിലുമാവും വിജയ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരഞ്ഞെടുക്കുക എന്നായിരുന്നു തുടക്കത്തിൽ ഉണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി, നടനും സംവിധായകനും സാമൂഹികപ്രവർത്തകനും ഒക്കെയായ രാഘവ ലോറൻസ് സ്ഥാനാർഥിയായേക്കും എന്ന സൂചനകൾ വെളിയിൽ വന്നിരുന്നു.
ഇതിനുപിന്നാലെയാണ് സാമൂഹികമാധ്യമത്തിൽ വിശദീകരണ കുറിപ്പുമായി അദ്ദേഹം തന്നെ മുന്നോട്ടുവന്നത്. വിഷയത്തിന്റെ സത്യാവസ്ഥ അറിയാനായി നിരവധി മാധ്യമപ്രവർത്തകർ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തിലാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും രാഘവ ലോറൻസ് വ്യക്തമാക്കി.
‘നിലവിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ബെൻസ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. അതിന്റെ ചിത്രീകരണം ഈ മാസം 10-ാം തീയതി പൂർത്തിയാകും. തൊട്ടടുത്ത ദിവസം, 11-ാം തീയതി രാവിലെ 9.30-ന് അമ്മ കൺമണിയുടെ അനുഗ്രഹത്തോടെ സുപ്രധാനമായ തീരുമാനം നടത്തും.’ എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചിരിക്കുന്നത്.
Leave a Comment
Your comment will be visible after admin approval.