നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേനാ വിമാനങ്ങൾ; സുരക്ഷ ശക്തമാക്കി കേന്ദ്രം

Global Indian Writer · June 8, 2026 · 1 min read · 0 Comments · 0 Shares

ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഇന്ത്യൻ വ്യോമസേനയുടെ പിന്തുണ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 18 കേന്ദ്രങ്ങളിൽനിന്ന് വിമാനമാർഗ്ഗം പരീക്ഷാ ചോദ്യപേപ്പറുകൾ കൊണ്ടുപോകുന്നതിന് വ്യോമസേനയെ ചുമതലപ്പെടുത്തി. പരീക്ഷാ നടത്തിപ്പിൽ അതീവ സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ പരീക്ഷ പൂർത്തിയാക്കുന്നതിനുമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ.

ചോദ്യപേപ്പറുകൾ എത്തിക്കുന്നതിന് പുറമെ, പരീക്ഷയുടെ വിജയകരമായ നടത്തിപ്പിനായി അധികൃതർ ആവശ്യപ്പെടുന്ന മറ്റേതൊരു സഹായവും നൽകാൻ സായുധസേന സജ്ജമാണെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ മേൽനോട്ടത്തിൽ പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങൾ ഇപ്പോൾ അതിവേഗം പുരോഗമിക്കുകയാണ്. മുൻപത്തെപ്പോലെ സുരക്ഷാ വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ സൈന്യത്തിന്റെ നേരിട്ടുള്ള സഹകരണം പരീക്ഷാ നടത്തിപ്പിന് വലിയ കരുത്താകുമെന്നാണ് വിലയിരുത്തൽ.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് നേരത്തെ നടന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്തുന്നത്. മെയ് മന്നിന് നടന്ന ആദ്യ പരീക്ഷയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് മെയ് 12-നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി പരീക്ഷ റദ്ദാക്കിയത്. നിലവിൽ ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്തിവരികയാണ്. പരീക്ഷാർഥികൾക്ക് സുതാര്യവും നീതിയുക്തവുമായി പരീക്ഷയെഴുതാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജൂൺ 21-ലെ പുനഃപരീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.

പരീക്ഷാകേന്ദ്രങ്ങൾ ഏത് നഗരത്തിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള വിവരങ്ങൾ എൻ.ടി.എ പ്രസിദ്ധീകരിച്ചു. പരീക്ഷാർഥികൾക്ക് അവരുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻചെയ്ത് തങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം ഏതാണെന്ന് മനസ്സിലാക്കാം. എന്നാൽ, ഇപ്പോൾ നൽകിയിരിക്കുന്നത് അഡ്മിറ്റ് കാർഡ് അല്ലെന്നും പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് അറിയിക്കാൻ മാത്രമുള്ളതാണെന്നും എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. അഡ്മിറ്റ് കാർഡുകൾ വരുംദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ.

ഇന്ത്യയിലെ 551 നഗരങ്ങളിലും വിദേശത്തെ 14 നഗരങ്ങളിലുമായി പെൻ ആൻഡ് പേപ്പർ രീതിയിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ വൈകിട്ട് 5.15 വരെയാണ് പരീക്ഷാ സമയം ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാർഥികൾക്ക് അവരുടെ ഒന്നാമത്തെ മുൻഗണനാ നഗരംതന്നെ പരീക്ഷാ കേന്ദ്രമായി നൽകാൻ എൻ.ടി.എ ശ്രമിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റുകൾ നിരന്തരം പരിശോധിക്കണമെന്ന് അധികൃതർ വിദ്യാർഥികൾക്ക് നിർദ്ദേശം നൽകി.

Share this story

Leave a Comment

Your comment will be visible after admin approval.