സ്തനാർബുദത്തിന് മരുന്ന്: അംഗീകാരം നൽകി യു.എ.ഇ.

Global Indian Writer · June 12, 2026 · 1 min read · 0 Comments · 0 Shares

ദുബായ്: സ്തനാർബുദ ചികിത്സയിൽ നിർണായക മുന്നേറ്റവുമായി യു.എ.ഇ. ഹോർമോൺ തെറപ്പിയോട് പ്രതികരിക്കാത്ത, അഡ്വാൻസ്ഡ് അല്ലെങ്കിൽ മെറ്റാസ്റ്റാറ്റിക് സ്തനാർബുദം ബാധിച്ച രോഗികൾക്കായി വായിലൂടെ നൽകാവുന്ന പുതിയ മരുന്നിന് യു.എ.ഇ. അംഗീകാരം നൽകി. ഈ മരുന്നിന് അംഗീകാരംനൽകുന്ന ലോകത്തെ ആദ്യത്തെ രാജ്യമാണ് യു.എ.ഇ.

ആസ്ട്രസെനെക്കയുടെ ‘എറ്റ്കമാ’ എന്ന മരുന്നാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇ.ഡി.ഇ.) അംഗീകരിച്ചത്. ‘ഇ.എസ്.ആർ.1’ എന്ന ജനിതകമാറ്റം സംഭവിച്ച സ്തനാർബുദ രോഗികളിലാണ് ഈ മരുന്ന് ഫലപ്രദമാകുക. ഹോർമോൺ തെറപ്പിക്ക് വിധേയരാകുന്ന രോഗികളിൽ കാലക്രമേണ ഈ ജനിതകമാറ്റം സംഭവിക്കുകയും ചികിത്സയുടെ ഫലപ്രാപ്തി കുറയുകയും ചെയ്യാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ പുതിയ മരുന്ന് സഹായിക്കും.

സ്തനാർബുദ കോശങ്ങളിലെ ഈസ്ട്രജൻ റിസപ്റ്ററുകളെ തടയുകയും നശിപ്പിക്കുകയുമാണ് ‘എറ്റ്കമാ’ ചെയ്യുന്നത്. ഈ റിസപ്റ്ററുകളാണ് അർബുദവളർച്ചയ്ക്ക് ആക്കംകൂട്ടുന്നത്. ഇവയെ നിർവീര്യമാക്കുന്നതിലൂടെ അർബുദവ്യാപനം തടയാൻ സാധിക്കും. നിലവിൽ ലഭ്യമായ സി.ഡി.കെ.4/6 ഇൻഹിബിറ്റർ മരുന്നുകൾക്കൊപ്പം ചേർത്താണ് ഈ മരുന്ന് നൽകുന്നത്.

ഫാർമസ്യൂട്ടിക്കൽ രംഗത്തെ നൂതന കണ്ടുപിടിത്തങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിലും അത്യാധുനിക ചികിത്സാസൗകര്യങ്ങൾ രോഗികൾക്ക് ഉറപ്പാക്കുന്നതിലും യു.എ.ഇ. മികവുപുലർത്തുന്നതായി എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കാബി പറഞ്ഞു.

ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച സമഗ്രമായ ശാസ്ത്രീയ പഠനങ്ങൾക്കുശേഷമാണ് മരുന്നിന് അംഗീകാരം നൽകിയത്. ‘സെരീന-6’ എന്ന മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽനിന്നുള്ള വിവരങ്ങളാണ് ഇതിന് അടിസ്ഥാനമാക്കിയത്.

Share this story

Leave a Comment

Your comment will be visible after admin approval.