കാൻസസ് സിറ്റി∙ അമേരിക്കയിലെ മിസോറിയിൽ സ്കൈഡൈവിങ് വിമാനം തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ മരിച്ചു. കാൻസസ് സിറ്റിയിൽ ഐടി പ്രഫഷനലായി ജോലി ചെയ്തിരുന്ന 24 വയസ്സുകാരനായ സായ് കാർത്തിക് വർമ ദാത്ലയാണ് മരിച്ച ഇന്ത്യക്കാരൻ. കാൻസസ് സിറ്റിക്കു സമീപമുള്ള ബട്ലർ മെമ്മോറിയൽ എയർപോർട്ടിനു സമീപം ഞായറാഴ്ച രാവിലെയായിരുന്നു അപകടം.
യുണൈറ്റഡ് സ്റ്റേറ്റ്സ് പാരഷൂട്ട് അസോസിയേഷന്റെ (USPA) ടെക്നോളജി ഡയറക്ടർ ജെൻ ഷാർപ്പും (Jen Sharp) അപകടത്തിൽപ്പെട്ട വിമാനത്തിലുണ്ടായിരുന്നു. ഇവർ ഉൾപ്പെടെ പരിചയസമ്പന്നരായ നിരവധി സ്കൈഡൈവർമാരാണ് അപകടത്തിൽ മരിച്ചത്. പൈലറ്റും 11 സ്കൈഡൈവർമാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 12 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഞായറാഴ്ച രാവിലെ 11:30-ന് തൊട്ടുമുൻപ് ബട്ലർ മെമ്മോറിയൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന 2010 മോഡൽ ‘പസഫിക് എയ്റോസ്പേസ് 750XL’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് ഉയർന്നയുടൻ വിമാനത്തിന്റെ എൻജിൻ തകരാറിലായതായി സംശയമുണ്ട്. തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്യുന്നതിനായി പൈലറ്റ് സമീപത്തെ ഹൈവേ ലക്ഷ്യമാക്കി വിമാനം തിരിക്കാൻ ശ്രമിച്ചതാകാം അപകടകാരണമെന്ന് എയർപോർട്ടിന്റെ ആക്ടിങ് മാനേജർ ഡെന്നിസ് ജേക്കബ്സ് പറഞ്ഞു. എന്നാൽ ഈ ശ്രമത്തിനിടയിൽ വേഗത കുറഞ്ഞ് (Stalled) വിമാനം നിയന്ത്രണംവിട്ട് മൂക്കുംകുത്തി താഴേക്ക് പതിക്കുകയായിരുന്നു. വയലിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തിന് തൊട്ടുപിന്നാലെ തീപിടിക്കുകയും ചെയ്തു.
ഉപരിപഠനത്തിനായാണ് സായ് കാർത്തിക് അമേരിക്കയിലേക്ക് കുടിയേറിയത്. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ മിസോറിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹെൽത്ത് കെയർ ടെക്നോളജി മേഖലയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ‘അഡ്വെന്റ് ഹെൽത്ത്’ എന്ന പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സായ് കാർത്തിക്, ക്ലൗഡ് മൈഗ്രേഷൻ, ഓട്ടോമേഷൻ, സോഫ്റ്റ്വെയർ ഡിപ്ലോയ്മെന്റ് പ്രൊജക്ടുകൾ എന്നിവയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
സ്കൈഡൈവിങ് രംഗത്ത് ഏറെ ജനപ്രിയമായ സിംഗിൾ എൻജിൻ ടർബോപ്രോപ്പ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. വാണിജ്യ വിമാനങ്ങളിലുള്ളതുപോലെ അപകട വിവരങ്ങൾ രേഖപ്പെടുത്തുന്ന ‘ബ്ലാക്ക് ബോക്സ്’ (Black Box) ഈ വിമാനത്തിൽ ഉണ്ടായിരുന്നില്ല. എങ്കിലും അപകടകാരണം കണ്ടെത്താൻ സഹായിക്കുന്ന മറ്റ് തരത്തിലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ വിമാനത്തിലുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.
ഡിജിറ്റൽ ഫ്ലൈറ്റ് ട്രാക്കിംഗ് കമ്പനിയായ ‘ഫ്ലൈറ്റ് അവെയർ’ (FlightAware) നൽകുന്ന വിവരങ്ങൾ പ്രകാരം, അപകടം നടക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഈ വിമാനം 9 തവണ വിജയകരമായി സർവീസ് നടത്തിയിരുന്നു.
Leave a Comment
Your comment will be visible after admin approval.