പുണെ: യുവതിയെ വർഷങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്യുകയും, ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാൻ നിർബന്ധിക്കുകയും, മോഷണം നടത്താൻ പ്രേരിപ്പിക്കുകയും, വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്ത കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവത്തെയും കൂട്ടാളികളെയും പുണെ പോലീസ് അറസ്റ്റ് ചെയ്തു. താൻ ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിപ്പിച്ച ഇയാൾ യുവതിയെക്കൊണ്ട് ഇയാളുടെ മൂത്രം പോലും കുടിപ്പിച്ചതായാണ് വിവരം.
പുണെയിലെ വാഗോളിയിലുള്ള ഉബാലെ നഗറിൽ ‘മോഡേൺ ഗുരുകുലം’ എന്ന പേരിൽ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു രാധേശ്യാം മിശ്ര എന്ന രാധാമോഹൻ മിശ്ര. വർഷങ്ങളായി ആളുകളെ വഞ്ചിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്ന കുറ്റവാളിയാണ് മിശ്ര. 2010-ലാണ് യുവതി ഇയാളുടെ വലയിൽ പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്; 2010-നും 2016-നും ഇടയിലാണ് ഇയാൾ യുവതിയെ ചൂഷണംചെയ്യാൻ ആരംഭിച്ചത്. ഈ കാലയളവിൽ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തതിന് പുറമെ യുവതിയുടെ അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു മിശ്ര.
ഈ വീഡിയോകൾ ഉപയോഗിച്ച് അയാൾ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും, സ്വാധീനം ഉപയോഗിച്ച് യുവതിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, യുവതിയെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും ഭർത്താവിനെ വിവാഹമോചനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
ഇതിനിടെ, മിശ്രയും കൂട്ടാളികളും ചേർന്ന് യുവതിയെയും മറ്റ് പല അനുയായികളെയും താൻ പുനരവതരിച്ച ദൈവമാണെന്ന് വിശ്വസിപ്പിക്കുകയും യുവതിയെക്കൊണ്ട് നിർബന്ധപൂർവ്വം മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഈ ആറ് വർഷത്തിനിടയിൽ, മിശ്രയ്ക്കും അയാളുടെ ആശ്രമത്തിനും സാമ്പത്തിക നേട്ടമുണ്ടാക്കുന്നതിനായി യുവതിയെക്കൊണ്ട് മോഷണങ്ങൾ നടത്തിക്കുകയും ചെയ്തു.
മിശ്രയുടെ ആശ്രമത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ, ഒരു ഭൂഗർഭ മുറിയിൽ നിന്ന് 12 ലാപ്ടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, 19 ഹാർഡ് ഡ്രൈവുകൾ, നിരവധി പെൻ ഡ്രൈവുകൾ, കാസറ്റുകൾ എന്നിവ അവർ കണ്ടെടുത്തു. കൂടാതെ 6.5 ലക്ഷം രൂപ പണമായും 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും വൻതോതിലുള്ള മരുന്നുകളും മയക്കുമരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിശദമായ ഫോറൻസിക് പരിശോധന നടന്നുവരികയാണ്. മിശ്രയെയും ഇയാളുടെ അടുത്ത സഹായിയായ സ്വാമി കൻവാൾ നയൻ ഉൾപ്പെടെ ഏഴ് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ എട്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി ശനിയാഴ്ച വരെ റിമാൻഡ് ചെയ്തു.
വരുംദിവസങ്ങളിൽ കൂടുതൽ ഇരകൾ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തി മിശ്രയ്ക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Leave a Comment
Your comment will be visible after admin approval.