സ്‌കൂൾ വിദ്യാർഥികളുടെ നിർമിതബുദ്ധി (എഐ) ഉപയോഗം ഏതാണ്ട് പൂർണമായി നിരോധിക്കാൻ നോർവേ. ഒന്നു മുതൽ ഏഴാം ക്ലാസുവരെയാണ് എഐ ഉപയോഗം പൂർണമായി നിരോധിക്കുന്നത്. മുതിർന്ന കുട്ടികൾ എഐ ഉപയോഗിക്കുന്നതിന് കർശനമായ പരിധികളും ഏർപ്പെടുത്തും. പഠനത്തെ എഐ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് നീക്കം.
പരീക്ഷകളിൽ നോർവേയിലെ വിദ്യാർഥികളുടെ സ്കോർ കുറയുന്നത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പുതിയ എഐ നിയന്ത്രണങ്ങൾ ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരും.
നിയന്ത്രണം ഇങ്ങനെ:
6 മുതൽ 13 വയസ്സ് വരെ (ഒന്ന് മുതൽ ഏഴാം ക്ലാസ് വരെ): വിദ്യാർഥികളെ എഐ ഉപയോഗിക്കൻ അനുവദിക്കില്ല.
14 മുതൽ 16 വയസ്സ് വരെ (ലോവർ സെക്കൻഡറി സ്‌കൂൾ): വിദ്യാർഥികൾക്ക് എഐ ടൂളുകൾ ശ്രദ്ധയോടെ ഉപയോഗിക്കാം. എന്നാൽ അധ്യാപകരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരിക്കണം.
17 മുതൽ 19 വയസ്സ് വരെ (അപ്പർ സെക്കൻഡറി വിദ്യാഭ്യാസം): ഉയർന്ന വിദ്യാഭ്യാസം, ഭാവി തൊഴിൽ എന്നിവയ്ക്കായി അവരെ സജ്ജരാക്കാൻ എഐ എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നതിനെക്കുറിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകും.
1990-കളിൽ കമ്പ്യൂട്ടറുകളും 2010-ന് ശേഷം ഐപാഡ് പോലുള്ള ടാബ്‌ലെറ്റുകളും അവതരിപ്പിച്ചതിലൂടെ ക്ലാസ് റൂമുകളിൽ സാങ്കേതിക മുന്നേറ്റം കൊണ്ടുവരുന്നതിൽ മുൻനിരയിലായിരുന്നു നോർവേ. എന്നാൽ വിദ്യാർഥികൾ പുസ്തകങ്ങളെ ആശ്രയിക്കുന്നത് ഇത് വളരെയധികം കുറച്ചു. ഇപ്പോൾ ഈ പ്രവണത തിരുത്തിക്കുറിക്കുകയാണ് സർക്കാർ. എഐ നിയന്ത്രണങ്ങൾക്ക് പുറമെ ക്ലാസ് മുറികളിൽ പുസ്തകങ്ങൾ തിരിച്ചെത്തിക്കുന്നതിന് ധനസഹായം നൽകാനും ഡിജിറ്റൽ ടാബ്‌ലെറ്റുകളുടെ ഉപയോഗം കുറയ്ക്കാനും പുതിയ നിയമനിർമ്മാണം നടത്തുമെന്ന് അധികൃതർ പറയുന്നു.
സ്‌കൂളുകളിലെ എഐ ഉപയോഗം നിയന്ത്രിക്കാനുള്ള നീക്കം യുവാക്കൾ സ്‌ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനുള്ള വിശാലമായ ദേശീയ ശ്രമത്തിന്റെകൂടി ഭാഗമാണ്. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളുടെ പാത പിന്തുടർന്ന് 16 വയസ്സ് തികയുന്നതുവരെ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള പ്രത്യേക പദ്ധതികൾ നോർവീജിയൻ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2024-ൽ സ്‌കൂളുകളിൽ സ്മാർട്ട്ഫോണുകൾ നിരോധിക്കുകയും അധ്യാപകർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്തിരുന്നു.
Leave a Comment
Your comment will be visible after admin approval.