Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica'ഖേദിക്കുന്നു': നിത്യാനന്ദയുടെ കൈലാസവുമായുള്ള കരാര്‍ റദ്ദാക്കി അമേരിക്കന്‍ നഗരം

‘ഖേദിക്കുന്നു’: നിത്യാനന്ദയുടെ കൈലാസവുമായുള്ള കരാര്‍ റദ്ദാക്കി അമേരിക്കന്‍ നഗരം

വാഷിങ്ടണ്‍: സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗ കേസ് പ്രതിയുമായ നിത്യാന്ദയുമായുള്ള കരാര്‍ അമേരിക്കന്‍ നഗരമായ നെവാര്‍ക്ക് റദ്ദാക്കി. കൈലാസ പ്രതിനിധി യു.എന്‍ യോഗത്തില്‍ പങ്കെടുത്തത് വിവാദമായതിനു പിന്നാലെയാണ് തീരുമാനം. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ’യുമായുള്ള സൌഹൃദ കരാര്‍ റദ്ദാക്കിയെന്ന് നെവാര്‍ക്കിലെ കമ്യൂണിക്കേഷന്‍ വിഭാഗത്തിലെ പ്രസ് സെക്രട്ടറി സൂസന്‍ ഗാരോഫാലോ അറിയിച്ചു.

“കൈലാസയെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കി. ഉടൻ നടപടിയെടുത്തു. ജനുവരി 18ന് ഒപ്പിട്ട സഹോദര നഗര കരാർ റദ്ദാക്കുകയും ചെയ്തു”- എന്നാണ് പ്രസ് സെക്രട്ടറി സൂസന്‍ ഗാരോഫാലോ അറിയിച്ചത്.

കൈലാസയുമായുള്ള കരാര്‍ റദ്ദാക്കാനുള്ള കാരണം സൂസന്‍ ഗാരോഫാലോ വിശദീകരിച്ചതിങ്ങനെ- “വഞ്ചനയുടെ അടിസ്ഥാനത്തിലുള്ള ആ കരാര്‍ അസാധുവാണ്. ഖേദകരമായ സംഭവമാണത്. എന്നാലും വ്യത്യസ്ത സാംസ്കാരിക പരിസരങ്ങളിലുള്ളവരുമായി പരസ്പര പിന്തുണ, പരസ്പര ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിലുള്ള സഹകരണം തുടരാന്‍ നെവാർക്ക് നഗരം പ്രതിജ്ഞാബദ്ധമാണ്”.

നെവാര്‍ക്ക് പ്രതിനിധികളുമായി തന്‍റെ പ്രതിനിധികള്‍ കരാര്‍ ഒപ്പിടുന്നതിന്‍റെ ഫോട്ടോകള്‍ നിത്യാനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വർഷം ജനുവരിയിലെ നെവാർക്കിലെ സിറ്റി ഹാളിൽ വെച്ചാണ് കരാര്‍ ഒപ്പിട്ടത്. മനുഷ്യാവകാശങ്ങളില്ലാത്ത രാജ്യവുമായി കരാറില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്ന് നെവാര്‍ക്ക് കൌണ്‍സിലര്‍ ലാർജ് ലൂയിസ് ക്വിന്‍റാന പ്രതികരിച്ചു. കൈലാസയുമായുള്ള കരാര്‍ റദ്ദാക്കാന്‍ അദ്ദേഹമാണ് പ്രമേയം കൊണ്ടുവന്നത്.

ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ നിത്യാനന്ദയുടെ പ്രതിനിധി വിജയപ്രിയ പങ്കെടുത്തതോടെയാണ് കൈലാസ ആഗോളതലത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഹിന്ദുമതത്തിലെ പരമാചാര്യനായ നിത്യാനന്ദ സ്വന്തം ജന്മനാട്ടില്‍ പോലും വേട്ടയാടപ്പെട്ടെന്നും വിലക്കപ്പെട്ടെന്നും വിജയപ്രിയ യോഗത്തില്‍ പറഞ്ഞു. ഇന്ത്യക്കെതിരായ പരാമര്‍ശം വിവാദമായതോടെ ഇന്ത്യയിലെ ഹിന്ദുവിരുദ്ധര്‍ നിത്യാനന്ദയെ വേട്ടയാടുന്നുവെന്നാണ് താന്‍ പറഞ്ഞതെന്നും ഹിന്ദു വിരുദ്ധ മാധ്യമങ്ങള്‍ തന്‍റെ പ്രസ്താവന വളച്ചൊടിച്ചെന്നും വിജയപ്രിയ അവകാശപ്പെട്ടു.

ഫെബ്രുവരി 24ന് ജനീവയിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക അവകാശ സമിതിയുടെ (സി.ഇ.എസ്‌.സി.ആർ) യോഗത്തിലാണ് കൈലാസയുടെ പ്രതിനിധിയായി വിജയപ്രിയ പങ്കെടുത്തത്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം, വൈദ്യസഹായം തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും കൈലാസയിൽ സൗജന്യമായി നൽകുന്നുണ്ടെന്ന് വിജയപ്രിയ പറഞ്ഞു. നിത്യാനന്ദയെ വേട്ടയാടുന്നത് തടയാന്‍ ദേശീയ അന്തർദേശീയ തലങ്ങളിൽ നടപടികൾ സ്വീകരിക്കണമെന്നും വിജയപ്രിയ ആവശ്യപ്പെട്ടു.

തുടര്‍ന്ന് കൈലാസ പ്രതിനിധിയുടെ പരാമർശങ്ങൾ അപ്രസക്തമായതിനാല്‍ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈകമ്മീഷണറുടെ ഓഫീസിലെ മീഡിയ ഓഫീസര്‍ വിവിയന്‍ ക്വോക്ക് പറഞ്ഞു. താത്പര്യമുള്ള ആർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്ന പൊതുയോഗത്തിലാണ് നിത്യാനന്ദയുടെ പ്രതിനിധി പങ്കെടുത്തതെന്നും കമീഷണറുടെ ഓഫീസ് അറിയിച്ചു.

2010ലാണ് നിത്യാനന്ദക്കെതിരെ അനുയായി നല്‍കിയ പരാതിയില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ അനധികൃതമായി തടഞ്ഞുവെച്ചു എന്നതുള്‍പ്പെടെ നിരവധി കേസുകള്‍ നിത്യാനന്ദക്കെതിരെയുണ്ട്. 2019ല്‍ നിത്യാനന്ദ ഇന്ത്യ വിടുകയും കൈലാസ എന്ന രാജ്യം സ്ഥാപിച്ചെന്ന് സ്വയം അവകാശപ്പെടുകയും ചെയ്തു. എന്നാല്‍ ഈ രാജ്യം എവിടെയാണെന്ന് ആരും കണ്ടിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments