വാഷിങ്ടൺ: ഗാസയിൽ രണ്ടു വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് സമാധാന പദ്ധതി പുറത്തിറക്കി. ബന്ദികളുടെ മോചനം, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറാനുള്ള വ്യവസ്ഥകൾ, ഹമാസിന്റെ കീഴടങ്ങൽ നിബന്ധനകൾ, പലസ്തീൻ പ്രദേശങ്ങൾ താത്കാലികമായി ഭരിക്കുന്നതിന് രാഷ്ട്രീയേതര സമിതിയുടെ രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനായുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.
യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലിന്റെ സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേൽ പിൻവാങ്ങൽ എന്നിവ ആവശ്യപ്പെടുന്ന സമാധാന പദ്ധതി അംഗീകരിച്ചതിന് നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു.
നേരത്തെ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായി ഖത്തറിൽ നടത്തിയ ആക്രമണത്തിൽ നെതന്യാഹു മാപ്പ് ചോദിച്ചിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം ദോഹയിൽ നടത്തിയ വ്യോമാക്രമണത്തിനാണ് നെതന്യാഹു ഖത്തറിനോടു മാപ്പുപറഞ്ഞത്. ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയെ ഫോണിൽ വിളിച്ച്, ഖത്തറിന്റെ പരമാധികാരത്തിനു മേൽ നടത്തിയ കടന്നുകയറ്റത്തിൽ നെതന്യാഹു ക്ഷമ ചോദിക്കുകയായിരുന്നു.



