Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsബാൾട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാരന് പരിക്കേറ്റതായി റിപ്പോർട്ട്

ബാൾട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാരന് പരിക്കേറ്റതായി റിപ്പോർട്ട്

ന്യൂയോർക്ക്: ബാൾട്ടിമോറിലെ പാലത്തിലിടിച്ച ചരക്ക് കപ്പലിലെ 22 ഇന്ത്യൻ ജീവനക്കാരിൽ ഒരാൾക്ക് നിസ്സാര പരിക്കേറ്റതായും ബാക്കിയുള്ളവർ സുരക്ഷിതരാണെന്നും കപ്പൽ ഉടമകൾ അറിയിച്ചു. സിംഗപ്പൂർ പതാക വഹിച്ചുള്ള ‘ഡാലി’ കപ്പലാണ് കഴിഞ്ഞദിവസം അപകടത്തിൽപെട്ടത്. ബാൾട്ടിമോറിലെ പടാപ്സ്കോ നദിക്ക് കുറുകെയുള്ള 2.6 കിലോമീറ്റർ നീളം വരുന്ന പാലത്തിൽ ചരക്ക് കപ്പൽ ഇടിക്കുകയായിരുന്നു.

‘കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളുടെയും രണ്ട് പൈലറ്റുമാരുടെയും സുരക്ഷ ഞങ്ങൾ സ്ഥിരീകരിക്കുന്നു. നിസ്സാര പരിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പരിക്കേറ്റ ക്രൂ അംഗം ചികിത്സക്ക് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു’ -കപ്പൽ ഉടമകളായ ഗ്രേസ് ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

യു.എസ് കോസ്റ്റ് ഗാർഡിലെയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും അധികൃതർ അന്വേഷണത്തിന്റെ ഭാഗമായി കപ്പലിൽ എത്തിയിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ 1.30നാണ് അപകടമുണ്ടാകുന്നത്. മേരിലാൻഡിൽനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽ പെട്ടത്. ബാൾട്ടിമോറിലെ സീഗ്രീറ്റ് മറൈൻ ടെർമിനലിൽനിന്ന് ചൊവ്വാഴ്ച അർധരാത്രി 12.24ന് യാത്ര തുടങ്ങിയ കപ്പൽ ഒരു മണിക്കൂറിനകം ഗതിമാറി പാലത്തിലിടിക്കുകയായിരുന്നു.

അപകടത്തിന് മുമ്പ് കപ്പൽ ജീവനക്കാർ അധികൃതർക്ക് മുന്നറിയിപ്പ് നൽകിയതിനാൽ ഒരുപാട് ജീവൻ രക്ഷിക്കാനായതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി. ‘കപ്പലിലെ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ കപ്പലിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായി മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ കഴിഞ്ഞു. തൽഫലമായി പാലത്തിൽ കപ്പൽ ഇടിക്കുന്നതിന് മുമ്പായി ഇതിലൂടെയുള്ള ഗതാഗതം തടയാൻ അധികൃതർക്ക് സാധിച്ചു. ഇത് നിസ്സംശയമായും നിരവധി പേരുടെ ജീവനാണ് രക്ഷിച്ചത്.

തുടർ നടപടിക്ക് ആവശ്യമായ എല്ലാ ഫെഡറൽ സൗകര്യങ്ങളും അവിടേക്ക് അയക്കുന്നുണ്ട്. നമുക്കൊരുമിച്ച് പാലം പുനർനിർമിക്കാം. ഇതൊരു ഭയാനകമായ അപകടമാണ്. അതേമസയം, മനഃപൂർവം സൃഷ്ടിച്ച അപകടമാണെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളൊന്നുമില്ല’ -ജോ ബൈഡൻ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments