ദിവസങ്ങൾക്കു ശേഷം യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലുണ്ടായ തോൽവി അംഗീകരിക്കുന്നു എന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചപ്പോഴാണ് ട്രംപ് ഇത്തരത്തിൽ സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചത് കൃത്രിമം കാണിച്ചാണെന്നാരോപിച്ച് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർ പരാതി നൽകിയിരുന്നു എങ്കിലും പല കോടതികളും ഇത് തള്ളി. ഇതിനു പിന്നാലെയാണ് ട്രംപിൻ്റെ പരാമർശം.

പ്രധാനമായും കൊവിഡ് വാക്സിൻ പുരോഗതിയെപ്പറ്റിയാണ് ട്രംപ് സംസാരിച്ചത്. ഇനിയൊരു ലോക്ക്ഡൗൺ രാജ്യത്ത് ഉണ്ടാവില്ലെന്നും ട്രംപ് പറഞ്ഞു. ഇതിനിടയിലായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാമർശം. “ഭാവിയിൽ എന്ത് സംഭവിക്കുമെന്നറിയില്ല. ഏത് ഭരണകൂടമായിരിക്കുമെന്ന് ആർക്കറിയാം. എല്ലാം കാലം തെളിയിക്കുമെന്ന് ഞാൻ കരുതുന്നു.”- ട്രംപ് പറഞ്ഞു.

വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നായിരുന്നു റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. കൃത്രിമ ബാലറ്റുകൾ ഉപയോഗിച്ചു എന്നും അവർ ആരോപിച്ചു. എന്നാൽ, ഈ ആരോപണങ്ങൾക്കൊന്നും തെളിവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.