വാഷിംഗ്ടണ്‍: പാകിസ്താന്‍ തന്നെ സമാധാനത്തിനുളള നൊബേലിന് നിര്‍ദേശിച്ചതില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയും പാകിസ്താനും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിച്ചതിന് തനിക്ക് അവര്‍ നൊബേല്‍ സമ്മാനം തരില്ല എന്നാണ് ട്രംപ് പറഞ്ഞത്. തനിക്ക് നാലോ അഞ്ചോ തവണ നൊബേല്‍ ലഭിക്കേണ്ടതായിരുന്നുവെന്നും അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ കൊടുക്കുകയുളളുവെന്നും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇന്ത്യയും പാകിസ്താനും തമ്മിലുളള യുദ്ധം അവസാനിപ്പിച്ചതിന് എനിക്ക് നോബേല്‍ സമ്മാനം ലഭിക്കില്ല. സെര്‍ബിയയും കൊസോവയും തമ്മിലുളള യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെട്ടതിന് എനിക്ക് നൊബേല്‍ ലഭിക്കില്ല. ഈജിപ്തിനും എത്യോപിയ്ക്കും ഇടയില്‍ സമാധാനം നിലനിര്‍ത്തിയതിന് എനിക്ക് നൊബേല്‍ ലഭിക്കില്ല. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിലും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിലുമുള്‍പ്പെടെ നടത്തിയ ഇടപെടലുകള്‍ക്കും നൊബേല്‍ ലഭിക്കില്ല. ഫലം എന്തുതന്നെയായാലും ജനങ്ങള്‍ക്കറിയാം. എനിക്ക് അതാണ് പ്രധാനം. നൊബേല്‍ സമ്മാനം എനിക്ക് നാലോ അഞ്ചോ തവണ ലഭിക്കേണ്ടതായിരുന്നു. പക്ഷെ അവര്‍ എനിക്ക് സമാധാനത്തിനുളള നൊബേല്‍ തരില്ല. അവരത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കൂ’ എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.