50000 കോടി യു എസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി ഇലോൺ മസ്‌ക് ചരിത്രത്തിൽ 50000 കോടി യു എസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി മാറി. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, മസ്‌കിന്റെ മൊത്തം ആസ്തി 50010 കോടി ഡോളറാണ്. ടെസ്‌ലയുടെ ഓഹരി വിലയിലെ കുതിപ്പും സ്‌പേസ് എക്‌സിന്റെ മൂല്യവർധനയുമാണ് മസ്‌കിന്റെ സമ്പത്ത് ഈ അഭൂതപൂർവമായ തലത്തിലെത്തിച്ചത്. ഈ നേട്ടത്തോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം മസ്‌ക് കൂടുതൽ ഉറപ്പിച്ചിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ സമ്പത്ത് വർധനവിന് പിന്നിൽ അദ്ദേഹത്തിന്റെ നൂതനമായ സംരംഭങ്ങളും അവയുടെ ആഗോള പ്രതിഫലനവുമാണ്.
ടെസ്‌ല, ഇലക്ട്രിക് വാഹന വിപണിയിൽ മുന്നിട്ട് നിൽക്കുന്നതിനൊപ്പം, സ്‌പേസ് എക്‌സ് ബഹിരാകാശ യാത്രയിലും ഉപഗ്രഹ സേവനങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്നതും മസ്കിന് ഗുണമാണ്. എക്‌സ് കോർപ്പറേഷന്റെ വളർച്ചയും മസ്‌കിന്റെ സാമ്പത്തിക നേട്ടങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ നേട്ടം, സാങ്കേതിക വിദ്യയും സംരംഭകത്വവും ലോക സമ്പദ്‌വ്യവസ്ഥയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ്.



