‘അമേരിക്ക 250’ ഫിലഡൽഫിയയിൽ ഞായറാഴ്ച

Global Indian Writer · November 27, 2026 · 1 min read · 0 Comments · 0 Shares

(ജോർജ് നടവയൽ)

ഫിലഡൽഫിയ: അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ പൂർണ്ണിമ പേറുന്ന വിശിഷ്ടനഗരമായ ഫിലഡൽഫിയയിൽ, ‘പ്രിൻസിപ്പിൾസ് ആൻഡ് ട്രഡീഷണൽ ഹെറിറ്റേജ്’ (PATH) സംഘടിപ്പിക്കുന്ന, ‘അമേരിക്ക 250 സെലിബ്രേഷൻ’, നവംബർ 29 ഞായറാഴ്ച നടക്കും. വൈകുന്നേരം 4:00 മുതൽ 6:00 വരെ, 608 വെൽഷ് റോഡിലുള്ള, സെന്റ് തോമസ് സീറോ മലബാർ സെന്റ് അൽഫോൻസ ഓഡിറ്റോറിയമാണ് വേദി. അമേരിക്കൻ ജനാധിപത്യത്തിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കപ്പെട്ട, ‘സാഹോദര്യത്തിന്റെ നഗരമായ’ ഫിലഡൽഫിയയിൽ നടക്കുന്ന ഈ ഒത്തുചേരലിന്, സവിശേഷമായ തിളക്കമേകുവാൻ, ഏവരെയും ക്‌ഷണിക്കുന്നതായി പ്രൊഫസർ കോശി തലക്കൽ (സാഹിത്യകാരൻ), ജോർജ് മാത്യൂ (മുൻ ഫൊക്കാനാ സെക്രട്ടറി-മുൻ ഫോമാ പ്രസിഡൻ്റ്), എന്നിവർ സംയുക്ത പ്രസ്താവനാ പത്രത്തിൽ അഭ്യർത്ഥിച്ചു.

താങ്ക്സ്ഗിവിംഗ് (Thanksgiving) ആഘോഷങ്ങളുടെ കൃതജ്ഞതാ ഭരിതമായ അന്തരീക്ഷത്തിൽ ആരംഭിച്ച്, ക്രിസ്മസിന്റെ സ്നേഹസന്ദേശത്തിലേക്കും പുതുവത്സരത്തിന്റെ പ്രതീക്ഷകളിലേക്കും പ്രവേശിക്കുന്ന മുഹൂർത്തങ്ങളിൽ, ബഹുമേന്മകളെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്കാരാജ്യത്തോടുള്ള നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്ന അമേരിക്കൻ മലയാളി സമൂഹത്തോടൊപ്പം നിലകൊള്ളുകയാണ് ഈ സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.

നിയമം അനുസരിക്കുന്നവരും, പ്രാർത്ഥനാ ജീവിതത്തിന് പ്രാധാന്യം നൽകുന്നവരുമായ അമേരിക്കൻ മലയാളികൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് നൽകുന്ന സംഭാവനകൾ വിലമതിയ്ക്കാനാവാത്തതാണ് എന്നതും; അമേരിയ് ക്കൻ ആരോഗ്യ ശുശ്രൂഷാ മേഖലയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന മലയാളി നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിസ്വാർത്ഥമായ സേവനപാരമ്പര്യം ഈ ആഘോഷത്തിൽ പ്രത്യേകം അനുസ്മരിക്കപ്പെടും എന്നതും സമ്മേളനത്തെ അന്യാദൃശ്യമാക്കുന്നു.

പാരമ്പര്യമൂല്യങ്ങൾ കൈമോശം വരാതെ, പുതുതലമുറയ്ക്ക് രാജ്യസ്നേഹത്തിന്റെയും സേവനസന്നദ്ധതയുടെയും പാഠങ്ങൾ പകർന്നു നൽകുക എന്നതും ഈ സംഗമത്തിന്റെ ലക്ഷ്യമാണ്. “ഓരോ സ്നേഹപ്രവൃത്തിയിലും നാം ദൈവത്തെ സേവിക്കുന്നു” എന്ന ആപ്തവാക്യത്തിലൂന്നി, സംഘടനാപരമായ അതിർവരമ്പുകൾക്ക് അതീതമായി, മലയാളി സമൂഹം ഒന്നിക്കുന്ന വേദിയായാണ്, ‘അമേരിക്ക 250’ ഫിലഡൽഫിയയിൽ ഒരുങ്ങുന്നത്. പ്രാർത്ഥനകൾ, സംഗീതം, നൃത്തങ്ങൾ, ദേശഭക്തിപരിപാടികൾ എന്നിവയാണ് ആഘോഷ ഇനങ്ങൾ. സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.

പ്രസിഡന്റ് പ്രൊഫസർ കോശി തലക്കൽ, ചെയർമാൻ ജോർജ് മാത്യു സി.പി.എ, സ്പിരിച്ച്വൽ ഡയറക്ടർ ഫാ. കുര്യാക്കോസ് എം.കെ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. ചാരിറ്റി ഡയറക്ടർ അലക്സ് ജോൺ, ആർട്ട് ഡയറക്ടർമാരായ നിമ്മി റോസ് ദാസ്, ഡോ. ആനി എബ്രഹാം, യൂത്ത് കോർഡിനേറ്റർ റോഷിൻ പ്ലാമ്മൂട്ടിൽ, കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ സാബു ജോസഫ് സി.പി.എ, പി.ആർ.ഒ ഷാജി മിറ്റത്താനി, സെക്രട്ടറിമാരായ റേയ്സ് തലക്കൽ, ജോർജ് നടവയൽ എന്നിവർ സംഘാടക സമിതിയിലുണ്ട്. ഗ്രേറ്റർ ഫിലാഡൽഫിയയിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സംഘാടകർ ‘അമേരിക്ക 250’ ഫിലഡൽഫിയയിൽ എന്ന ആഘോഷത്തിലേയ്ക്ക് ക്ഷണിക്കുന്നു.

വിവരങ്ങൾ: അമേരിക്ക 250 ആഘോഷം; തീയതി: 2026 നവംബർ 29, ഞായറാഴ്ച; സമയം: വൈകുന്നേരം 4:00 – 6:00സ്ഥലം: സെന്റ് തോമസ് സീറോ മലബാർ സെന്റ് അൽഫോൻസ ഓഡിറ്റോറിയം, 608 വെൽഷ് റോഡ്, ഫിലഡൽഫിയ, പി.എ 19115

Share this story

Leave a Comment

Your comment will be visible after admin approval.