അവിഹിതക്കഥകൾ ഉണ്ടാക്കി, ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു: അമ്മയിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ ഹസ്സൻ

Global Indian Writer · May 23, 2026 · 1 min read · 0 Comments · 0 Shares

നടൻ ടിനി ടോമിനെതിരെ തുറന്നടിച്ച് അൻസിബ ഹസ്സൻ. അമ്മയിൽ നിന്ന് രാജി വയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ വെളിപ്പെടുത്തി. ആരോടു സംസാരിച്ചാലും അവിഹിതക്കഥകൾ ഉണ്ടാക്കും. ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നതെന്ന് അൻസിബ മനോരമ ഓൺലൈനോടു പറഞ്ഞു.

അൻസിബയുടെ വാക്കുകൾ: ‘‘അമ്മയുടെ ജോയിൻ സെക്രട്ടറിയായി എതിരില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം ആ കമ്മിറ്റിയിൽ ചെന്നതു മുതൽ വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. മുൻ ജോയിൻ സെക്രട്ടറിയുമായി അവിഹിതം ഉണ്ടെന്ന തരത്തിൽ കഥകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എനിക്കെപ്പോഴും മാനസിക പീഡനങ്ങളായിരുന്നു. ഡിന്നർ പാർട്ടിയൊക്കെ നടത്തിയതിനു ശേഷം ടിനി ടോമേട്ടൻ ഭയങ്കരമായി സെക്രട്ടറിയെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്, ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റിൽ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ ഇതുപോലെ വേദനിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾക്കു നാണമില്ലേ? എല്ലാവരും കൂടിയല്ലേ തീരുമാനം എടുത്തത്. എന്നിട്ട് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നു ചോദിച്ചു. ഒരു സ്ത്രീയെ എന്തിനാണ് ഇങ്ങനെ പറയുന്നത്? നാണമില്ലേ എന്നു ചോദിച്ചു. അന്നു മുതൽ എന്റെടുത്ത് വലിയ വൈരാഗ്യം ആണ്.

പുള്ളിക്ക് അവിടെ ഒരു ഗ്യാങ് ഉണ്ട്. പിന്നെ, ഞാൻ കേൾക്കുന്നത് എനിക്കെതിരെ ഉളള അവിഹിതകഥകളാണ്. ലോകത്ത് ഇനി എനിക്ക് അവിഹിതം ഇല്ലാത്ത ആരുമുണ്ടാകില്ല. ഞാൻ ഇതൊന്നും നേരിട്ട് കേൾക്കുന്നില്ല. മറ്റുള്ളവർ വഴിയാണ് ഞാനിത് അറിയുന്നത്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ. അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം.

അതുകഴിഞ്ഞ് ‘അമ്മ’യുടെ കുടുംബസംഗമം വന്നു. അതിന് ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രം അതു ചെയ്യാമെന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, നമുക്കിതു വരെ ഒരു മതസംഘടനയുടെ പേരും ഇതുപോലെ കേറിയിട്ടില്ല. സംഭാവനയായി വാങ്ങിക്കാം. ടൈറ്റിൽ സ്പോൺസർഷിപ്പ് പറയരുത്. കഴിഞ്ഞ ഇത്രയും കാലമായി ‘അമ്മ’യിൽ അങ്ങനെ ഇല്ല. ക്ഷേത്രമാണെങ്കിലും മുസ്ലിം പള്ളി ആണെങ്കിലും ക്രിസ്ത്യൻ പള്ളി ആണെങ്കിലും നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. അതാണ് ഞാൻ പറഞ്ഞത്. ‘അമ്മ’യിലെ മതസൗഹാർദ്ദം തകർക്കരുത്. ഞാനൊരാൾ ‘നോ’ പറഞ്ഞെന്നു വിചാരിച്ചാലും കമ്മിറ്റിയിൽ ഭൂരിഭാഗം അതിനോട് യെസ് പറഞ്ഞാൽ, ആ തീരുമാനം അല്ലേ നടക്കുക. പിന്നെ ഞാൻ യെസ് പറയണമെന്ന് നിർബന്ധം എന്തിനാണ്? എന്നെ വിശ്വാസത്തിലെടുക്കാൻ ശ്രമിക്കുന്നു പലരും. ക്ഷേത്രം ഞങ്ങൾക്ക് സംഭാവന നൽകാൻ തയാറായിരുന്നു. അതു പിന്നീടാണ് ഞാൻ അറി‍ഞ്ഞത്. എന്നെ ഇവരെല്ലാവരും കൂടെ മതതീവ്രവാദി ആക്കി. ടിനി ചേട്ടൻ ഞാൻ ജിഹാദി ആണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾപ്പടെ പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ വരെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നും കമ്മിറ്റി അംഗങ്ങൾ പലരോടും പറഞ്ഞു. നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്.

കുടുംബസംഗമത്തിന്റെ തലേദിവസം നീന ചേച്ചിയോടെന്തോ വഴക്കായി ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ചേർത്ത് ടിനി ചേട്ടൻ തെറി വിളിച്ചു. അതു കയ്യാങ്കളിയിലേക്ക് പോകുന്ന അവസ്ഥ ആയി. ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. വ്യക്തിഹത്യയുടെ ലിമിറ്റെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അം​ഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു. എന്റെ ധാർമികതയുടെ പേരിലാണ് ഞാൻ രാജി വച്ചത്.’’

Share this story

Leave a Comment

Your comment will be visible after admin approval.