യുദ്ധം: ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷം, പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

Global Indian Writer · October 14, 2026 · 1 min read · 0 Comments · 0 Shares

ഡെന്‍പാസര്‍: ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട പറുദീസയായ ബാലിയിൽ ഇന്ധനക്ഷാമം അതിരൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിൽ പെട്രോളും ഡീസലും ലഭിക്കാതെ വാഹനങ്ങൾ വഴിയിൽ കിടക്കുന്ന അവസ്ഥയാണ് നിലവിൽ. ഇന്ധന സ്റ്റേഷനുകൾക്ക് മുന്നിൽ വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. മണിക്കൂറുകൾ കാത്തിരുന്നാലും ആവശ്യത്തിന് ഇന്ധനം ലഭിക്കാത്തത് സാധാരണക്കാരുടെയും സഞ്ചാരികളുടെയും യാത്രാസൗകര്യങ്ങളെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഇറാൻ-യുദ്ധം തന്നെയാണ് ബാലിയിലെ ഈ ഇന്ധന പ്രതിസന്ധിയുടെ പ്രധാന കാരണം. സംഘർഷം പെട്ടെന്ന് അവസാനിക്കില്ല എന്ന സൂചനകൾ പുറത്തുവരുമ്പോൾ, വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാലിയിലെ മാൻപവർ ആൻഡ് എനർജി ആന്റ് മിനറൽ റിസോഴ്സസ് ഏജൻസി മേധാവിയായ ഇഡ ബാഗുസ് സെറ്റിയാവൻ തടസ്സമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കാൻ പെർട്ടമിന സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. നിലവിലെ ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഇന്ധനം വിവേകപൂർവ്വം ഉപയോഗിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പ്രാദേശിക സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയോടെ ഇന്ധനക്ഷാമം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ കോസ്റ്റർ ചൊവ്വാഴ്ച അറിയിച്ചു. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് അഭ്യർത്ഥിച്ച അദ്ദേഹം ആവശ്യത്തിന് ഇന്ധനം ഉറപ്പാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെർട്ടമിനയോട് ആവശ്യപ്പെടുകയും ചെയ്തു. ബാലിയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി, സബ്‌സിഡിയുള്ള 18 ദശലക്ഷം ലിറ്റർ RON90 പെട്രോളായ പെർട്ടലൈറ്റ്, 2.5 ദശലക്ഷം ലിറ്റർ സബ്‌സിഡിയില്ലാത്ത ഉയർന്ന ഒക്ടേൻ പെട്രോളായ പെർട്ടമാക്സ് എന്നിവയുമായി ഒരു കപ്പൽ എത്തിയതായി പെർട്ടമിന സ്ഥിരീകരിച്ചു.

അതേസമയം, യുഎസ്-ഇസ്രായേൽ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ എണ്ണവില വീണ്ടും കുതിച്ചുയരുകയാണ്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറിന് മുകളിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 95 ഡോളറിലേക്ക് അടുക്കുകയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് ഈ വർഷം ബ്രെന്റ് ക്രൂഡ് വില 70 ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ട്. ഇത് ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിക്കുകയും ഗൾഫ് മേഖലയിലെ കയറ്റുമതിയെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share this story

Leave a Comment

Your comment will be visible after admin approval.