Tuesday, April 29, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രാചരണം നടത്തുന്നത് കുറ്റകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂട്യൂബിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നിരുന്നു. സംസ്ഥാനത്ത് പ്രതിവര്‍ഷം നാനൂറോളം പ്രസവങ്ങള്‍ വീട്ടില്‍വെച്ച് നടക്കുന്നതായി കണക്കുകളുണ്ടെന്ന് മന്ത്രി പറഞ്ഞു. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുളള പ്രസവത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കിടയിലും ആദിവാസി മേഖലയിലും വീട്ടിൽ പ്രസവം നടക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവത്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റെയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റെയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയായിരുന്നു തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ രക്തസ്രാവത്തെ തുടർന്ന് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ ഭർത്താവ് സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടർമാരും പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com