Wednesday, April 15, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനൂറുകണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികളുമായി യാത്ര തിരിച്ച ബോട്ട് ആൻഡമാൻ കടലിൽ തകർന്നു

നൂറുകണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികളുമായി യാത്ര തിരിച്ച ബോട്ട് ആൻഡമാൻ കടലിൽ തകർന്നു

ബാങ്കോക്ക്: നൂറുകണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികളുമായി യാത്ര തിരിച്ച ബോട്ട് ആൻഡമാൻ കടലിൽ തകർന്നു. കുട്ടികളടക്കം ഏകദേശം 250-ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള റോഹിങ്ക്യൻ അഭയാർത്ഥികളുമായി മലേഷ്യയിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിന് താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയതും കാലാവസ്ഥ മോശമായതുമാണ് ബോട്ട് മുങ്ങാൻ കാരണമായതെന്ന് യു.എൻ അഭയാർത്ഥി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു.

കടലിൽ മുങ്ങിയ ഒമ്പത് പേരെ ഇന്തോനേഷ്യയിലേക്ക് പോവുകയായിരുന്ന ബംഗ്ലാദേശ് കോസ്റ്റ് ഗാർഡ് കപ്പലിലുള്ളവർ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഡ്രമ്മുകളിലും മരത്തടികളിലും പിടിച്ച് കിടക്കുകയായിരുന്നു ഇവർ. അപകടത്തിൽപ്പെട്ട ബോട്ടിൽ ശ്വാസംമുട്ടിയും തിരമാലയിൽപ്പെട്ടും മുപ്പതോളം പേർ നേരത്തെ തന്നെ മരിച്ചിരുന്നതായി രക്ഷപ്പെട്ടവർ വെളിപ്പെടുത്തുന്നുണ്ട്.

മരണത്തിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ട റഫീഖുൽ ഇസ്ലാം എന്ന യുവാവ് തന്റെ ദുരനുഭവം വിവരിച്ചു. മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത മനുഷ്യക്കടത്തുകാരാണ് ഇവരെ ബോട്ടിൽ കയറ്റിയത്. “നാല് ദിവസം ബോട്ട് യാത്ര ചെയ്തു. ട്രോളറിനുള്ളിലെ തിരക്ക് കാരണം പലരും ശ്വാസംമുട്ടി മരിച്ചു. ബോട്ട് മുങ്ങിയതിന് ശേഷം 36 മണിക്കൂറോളം കടലിൽ ഒഴുകി നടന്നു. എണ്ണ ടാങ്ക് പൊട്ടി ദേഹത്ത് പൊള്ളലേറ്റിരുന്നു,” റഫീഖുൽ പറഞ്ഞു. അറസ്റ്റിലായ ഒമ്പത് പേരിൽ ആറ് പേർ മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്ന് സംശയിക്കുന്നുണ്ട്. ഇവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

മ്യാൻമറിലെ ആഭ്യന്തര കലാപത്തിൽ നിന്നും സൈനിക പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് റോഹിങ്ക്യകളാണ് ഓരോ വർഷവും കടൽമാർഗ്ഗം അപകടകരമായ യാത്ര നടത്തുന്നത്. 2017-ലെ സൈനിക നടപടിയെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്. അവിടെ നിന്നാണ് മെച്ചപ്പെട്ട ജീവിതം തേടി പലരും മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ശ്രമിക്കുന്നത്. ഇത്തരം ദുരന്തങ്ങൾ ആഗോളതലത്തിൽ റോഹിങ്ക്യൻ അഭയാർത്ഥികൾ നേരിടുന്ന കടുത്ത അവഗണനയുടെ തെളിവാണെന്ന് യു.എൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments