ആപ്പിൾ ഒരു എഐ അധിഷ്ഠിത വെയറബിൾ ഡിവൈസ് വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ട്. വസ്ത്രത്തിൽ ഘടിപ്പിക്കുന്ന എഐ പിൻ ആയിരിക്കും ഇതെന്നാണ് വിവരം. ദി ഇൻഫർമേഷൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഈ ഉപകരണത്തിൽ രണ്ട് ക്യാമറകളും മൂന്ന് മൈക്രോഫോണുകളും ഉണ്ടാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈ വർഷം അവസാനത്തോടെ ഓപ്പൺ എഐ തങ്ങളുടെ ആദ്യ എഐ അധിഷ്ഠിത ഉപകരണം അവതരിപ്പിക്കുമെന്ന് കമ്പനിയുടെ ചീഫ് ഗ്ലോബൽ അഫയേഴ്സ് ഓഫീസർ ക്രിസ് ലെഹേൻ തിങ്കളാഴ്ച സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരുന്നത്.
കനം കുറഞ്ഞ, പരന്ന, വൃത്താകൃതിയിലുള്ള ആപ്പിളിന്റെ വെയറബിൾ ഉപകരണത്തിന് അലൂമിനിയത്തിന്റേയും ഗ്ലാസിന്റേയും ഷെൽ ആയിരിക്കും ഉണ്ടാവുകയെന്നും റിപ്പോർട്ടിൽ പറയുന്നു. എയർടാഗുമായാണ് ഈ ഉപകരണത്തിന്റെ വലുപ്പം താരതമ്യം ചെയ്യുന്നത്. ഈ ഉപകരണത്തിൽ രണ്ട് ക്യാമറകളുണ്ടാവും, ഒന്നിൽ സാധാരണ ലെൻസും മറ്റൊന്നിൽ വൈഡ് ആംഗിൾ ലെൻസുമായിരിക്കും ഉണ്ടാവുക. ചിത്രങ്ങളും വീഡിയോകളും ഇതിൽ പകർത്താം. ആപ്പിളിന്റെ എഐ പിന്നിൽ ഒരു ബട്ടനും സ്പീക്കറും ചാർജിങ് സ്ട്രിപ്പും ഉണ്ടാവും.
2027-ൽ ഈ ഉപകരണം വിപണിയിലെത്തിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നും അതിനനുസരിച്ച് നിർമാണപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കിയേക്കാമെന്നും കമ്പനി പറയുന്നു. തുടക്കത്തിൽ രണ്ടു കോടി യൂണിറ്റുകളാകും പുറത്തിറക്കുക.
അതേസമയം ഇങ്ങനെ ഒരു ഉപകരണം ഇപ്പോൾ വിപണി ആവശ്യപ്പെടുന്നുണ്ടോ എന്നതിൽ വിശദീകരണമില്ല. നേരത്തെ ഹ്യൂമെയ്ൻ എഐ എന്ന കമ്പനി അവതരിപ്പിച്ച എഐ പിൻ വിപണിയിൽ പരാജയപ്പെടുകയും കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.



