Wednesday, October 9, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏകാധിപതിയെ മുട്ടുകുത്തിക്കുംവരെ സമരം: കെസുധാകരന്‍ എംപി

ഏകാധിപതിയെ മുട്ടുകുത്തിക്കുംവരെ സമരം: കെസുധാകരന്‍ എംപി

ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ കനത്ത സെസ് പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് ഘടകകക്ഷി യോഗത്തില്‍ പറഞ്ഞതായുള്ള മാധ്യമ വാര്‍ത്തകള്‍ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സര്‍ക്കാര്‍ മുട്ടുകുത്തുംവരെ കോണ്‍ഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകും.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൊടുക്കാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തന്നെ തെറ്റാണ്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറ്റ ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ നല്കുന്നത് വെറും 1600 രൂപ മാത്രം. ഇങ്ങനെയൊരു വാഗ്ദാനം പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നുപോലുമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ ഒരു രൂപപോലും വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബര്‍, ജനുവരിയിലെ പെന്‍ഷന്‍ കൊടുത്തിട്ടേയില്ല.

രാജ്യത്ത് ഇന്ധനങ്ങള്‍ക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് ഇത്രയും വലിയ വില വര്‍ധനവിനു കാരണം. പെട്രോളിന് 57.61 രൂപ അടിസ്ഥാന വിലയുള്ളപ്പോള്‍ നികുതികള്‍ 43.22 രൂപയാണ്. ഡീസലിന് 58.66 രൂപ അടിസ്ഥാനവിലയുള്ളപ്പോള്‍ നികുതികള്‍ 32.70 രൂപയാണ്. ഇതോടൊപ്പമാണ് 2 രൂപയുടെ സെസ് കൂടി ചുമത്തിയത്. രാജ്യത്തൊരിടത്തും ഇല്ലാത്ത ഈ നികുതിരാജിലൂടെ 1200 കോടി രൂപയാണ് സര്‍ക്കാര്‍ പിഴിഞ്ഞെടുക്കുന്നത്.

2021 നവംബറിലും 2022 മെയ്യിലുമായി കേന്ദ്രം പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറച്ചെങ്കിലും വില കുറയ്ക്കാന്‍ വിസമ്മതിച്ച സംസ്ഥാന സര്‍ക്കാരാണ് സെസ് കൂട്ടി ജനങ്ങളുടെ മേല്‍ തീകൊളുത്തിയത്. ഇന്ധനവില വര്‍ധനവിനെതിരേ സിപിഎം നടത്തിയ പ്രഹസനസമരങ്ങളും വാചാടോപങ്ങളുമൊക്കെ ജനമനസുകളില്‍ ഇപ്പോഴുമുണ്ട്.

ബജറ്റ് ദിനത്തില്‍ തന്നെ രഹസ്യമായി ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ വെള്ളക്കരം പതിന്മടങ്ങ് കൂട്ടിയിട്ട് ഇതിനെതിരേ ആര്‍ക്കും പരാതിയില്ലെന്നു ന്യായീകരിച്ച ജലവിഭവ മന്ത്രിയുടെ തൊലിക്കട്ടിക്ക് അവാര്‍ഡ് നല്കണം. ബജറ്റിനു മുന്നേ തന്നെ മില്‍മപാല്‍, അരി, മദ്യം തുടങ്ങിയവയുടെ വിലയും കൂട്ടിയിരുന്നു. എന്തുമാകാം എന്ന മുഖ്യമന്ത്രിയുടെ ധാര്‍ഷട്യത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നു സുധാകരന്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments