ബെയ്ജിംഗ്: രൂക്ഷമായ കോവിഡ് വ്യാപനം മൂലം ചൈനയിൽ 35 ദിവസത്തിനിടെ മരിച്ചത് 59,938 പേർ. ഡിസംബർ എട്ടു മുതൽ ജനുവരി 12 വരെയുള്ള ഈ കണക്ക് ചൈനീസ് ആരോഗ്യവിഭാഗം അധികൃതർ തന്നെയാണു പുറത്തുവിട്ടതെന്ന പ്രത്യേകതയുണ്ട്.
കോവിഡുമായി ബന്ധപ്പെട്ട കണക്കുകളിൽ ചൈന സുതാര്യത കാണിക്കുന്നില്ലെന്ന ആരോപണങ്ങൾക്കിടെയാണ് ദേശീയ ആരോഗ്യ കമ്മീഷന്റെ കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോ വക്താവ് ജിയാവോ യഹൂയി മണസംഖ്യ പുറത്തുവിട്ടത്. മരിച്ചവരുടെ ശരാശരി പ്രായം 80.3 ആണ്.
ആശുപത്രികളിലും ക്ലിനിക്കുകളിലും മരിച്ചവരുടെ എണ്ണമാണിത്. അല്ലാതെയുള്ള കണക്കുകൂടി കൂട്ടിയാൽ മരണസംഖ്യ ഇതിലൂം കൂടുമെന്ന് പറയുന്നു. കോവിഡ് മരണമാണെന്ന് തീർച്ചപ്പെടുത്തുന്നതിന് ചൈന വച്ചിരിക്കുന്ന മാനദണ്ഡങ്ങളിലും പോരായ്മയുള്ളതായി ആരോപണമുണ്ട്. കോവിഡ് കണക്കുകളിൽ ചൈന കൂടുതൽ സുതാര്യത പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു.