റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന നടപടികള്‍ തുടങ്ങി. കോടതി ഉത്തരവ് ഉള്‍പ്പെടെയുളള രേഖകള്‍ റിയാദ് ഗവര്‍ണറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. റഹീമിന്റെ ശിക്ഷാ കാലാവധി അടുത്ത വര്‍ഷം മെയ് 20ന് പൂര്‍ത്തിയാകും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുളള പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എക്‌സ്പാട്രിയേറ്റ് അഫയേഴ്‌സ്, ഡയറക്ടറേറ്റ് ഓഫ് പ്രിസന്‍സ് എന്നിവിടങ്ങളിലാണ് അബ്ദുല്‍ റഹീമിനെ ജയില്‍ മോചിതനാക്കി രാജ്യം വിടുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച വിവരം ഇന്ത്യന്‍ എംബസിക്കും റഹീമിന്റെ അഭിഭാഷകര്‍ക്കും പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും ലഭിച്ചതായി റിയാദ് നിയമ സഹായ സമിതി അറിയിച്ചു. 19 വര്‍ഷത്തിലധികം തടവു പൂര്‍ത്തിയാക്കിയ റഹീമിന്റെ ശിക്ഷാ കാലാവധി 2026 മെയ് 20ന് പൂര്‍ത്തിയാകും. ജയിലിലെ നല്ല നടപ്പും വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കിയതും പരിഗണിച്ച് തടവു ശിക്ഷയില്‍ ഇളവു ലഭിക്കാന്‍ റഹീമിന് അര്‍ഹതയുണ്ട്. ഇതു പ്രയോജനപ്പെടുത്തി എത്രയും വേഗം മോചനം സാധ്യമാക്കാനാണ് ശ്രമം. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ റഹീമിന് വധശിക്ഷ വിധിച്ചിരുന്നു. ബാലന്റെ കുടുംബത്തിന് ദയധനം നല്‍കി മാപ്പ് നേടിയതിനെ തുടര്‍ന്ന് വധശിക്ഷ കഴിഞ്ഞ വര്‍ഷം റദ്ദാക്കി.



